തേജസ്വിനിയിൽ വെള്ളം ഇറങ്ങിത്തുടങ്ങി
നീലേശ്വരം: രണ്ടു ദിവസം തിമിർത്തുപെയ്ത മഴയിൽ കരകവിഞ്ഞ തേജസ്വിനി പുഴയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. വെള്ളം പൊങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറിയവർ സ്വന്തം വീടുകളിൽ തിരിച്ചെത്തി.
എന്നാൽ വെള്ളം കയറിയതിനാൽ വീടിനുള്ളിലുള്ള ചെളിയും മറ്റും മാറ്റി താമസയോഗ്യമാക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഒപ്പം മഴവെള്ളത്തിൽ ഒലിച്ചുവന്ന ഇഴജന്തുക്കളും ഭീഷണിയാണ്. എങ്ങിനെയായാലും ഒരാഴ്ച കഴിഞ്ഞാൽ മാത്രമെ ഇവർക്ക് വീട്ടിൽ താമസമുറപ്പിക്കാനാവുകയുള്ളൂ. കാര്യങ്കോട്, ചെമ്മാക്കര, പാലായി, കൊയാമ്പുറം എന്നീ താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്.
കൃഷിക്ക് ഗുണകരം
വെള്ളപ്പൊക്കം ജനജീവിതത്തെ ബാധിച്ചെങ്കിലും ധാരാളം എക്കൽ മണ്ണ് വന്നടിഞ്ഞതിനാൽ കതിരിടുന്ന നെൽക്കൃഷിക്ക് ഏറെ ഗുണം ചെയ്യുമെന്ന് നെൽകർഷകർ പറയുന്നു. ഇനിയങ്ങോട് നല്ല കാലാവസ്ഥ കിട്ടുകയാണെങ്കിൽ നല്ല വിള ലഭിക്കുമെന്ന് കർഷകർ പറയുന്നു. അതുപോലെ പറമ്പുകളിലും ധാരാളം ചെളി വന്നുനിറഞ്ഞതിനാൽ കവുങ്ങ്, തെങ്ങ്, വാഴ എന്നി കൃഷികൾക്കും ഏറെ ഗുണം ചെയ്യും.