പാനൂർ: ചെറുപറമ്പ് ,ചിറ്റിക്കരയിലെ ആകാശത്തിൽ ആർപ്പുവിളിയോടെ പറന്നുയർന്ന വിമാനം ആ നാടിന്റെ അഭിമാനമായി. നാട്ടുകാരനായ എബിയാണ് പിന്നിലെന്ന് അറിഞ്ഞപ്പോൾ അവർക്കെല്ലാം അഭിമാനമായി. ചെറുപ്പം മുതൽ അവന്റെ മനസ്സിൽ താലോലിച്ച വലിയ സ്വപ്നമാണ് ചെന്നൈയിൽ വിനായക (എ.വി.ഐ.ടി) കോളജിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗ് അവസാനവർഷവിദ്യാർത്ഥിയായ യുവാവ് ഫലപ്രാപ്തിയിലെത്തിച്ചത്.
കോളേജിൽ നിന്ന് നാട്ടിലെത്തി ക്വാറന്റൈനിലായിരുന്ന എബിയുടെ മനസ്സിൽ കടന്നു വന്ന ആശയമാണ് വിമാനം നിർമ്മിക്കണമെന്നത് . യൂട്യൂബിലും മറ്റു നോക്കി ആശയ രൂപീകരണവും സാധന സാമഗ്രികൾ സംഘടിപ്പിക്കാനുുള്ള ശ്രമവും തുടങ്ങി. മൂന്നാഴ്ചക്കുള്ളിൽ അങ്ങനെ എബിയുടെ റിമോട്ട് കൺട്രോൾ വിമാനം വാഴമലയിലെ സമീപമുള്ള ചിറ്റിക്കരയിൽ നാട്ടുകാരെ അത്ഭുതപ്പെടുത്തി പാറിപ്പറന്നു.
ഇതിന് മുമ്പ് 'ഡ്രോൺ' നിർമ്മിച്ചിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. അതിനെക്കാൾ ബുദ്ധിമുട്ടാണ് ഈ വിമാനം പറത്തൽ. സാധാരണ വിമാനം പറത്തുന്നത് ' പോലുള്ള ' പരിശീലനം അവശ്യമാണ്. കാണാൻ പറ്റുന്ന സ്ഥലം വേണം, റിമോട്ട് കൺട്രോളിലാണ് നിയന്ത്രണം.സ്‌കൂൾപഠന കാലത്ത് തന്നെ സംസ്ഥാന ദേശീയമേളകളിൽ എബി പങ്കെടുത്തിട്ടുണ്ട്. ഐ.എസ്.ആർ.ഒ ശാസ്ത്രക്ലാസുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നെങ്കിലും സ്വന്തമായി തനിക്ക് വിമാനം പറത്താനാവും എന്ന പ്രതീക്ഷയിലാണ് എബി. ചെറുപ്പറമ്പിലെ ബാലന്റയും അനിതയുടെയും മകനാണ് എബി. അബിയും ആൽബിയും സഹോദരങ്ങളാണ്.