oushdhi
പരിയാരത്ത് ഔഷധ സസ്യ പാർക്ക് നിർമ്മാണത്തിൽ

തളിപ്പറമ്പ്: സവാരിക്കായി സംസ്ഥാനത്തെ ആദ്യത്തെ ഔഷധ പാർക്ക് പരിയാരത്ത് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് സമീപം ഒരുങ്ങുന്നു, സംസ്ഥാന സർക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ഔഷധിക്ക് നൽകിയ സ്ഥലത്താണ് പാർക്ക് ഒരുക്കുന്നത്. ആയുർവേദത്തിലെ എല്ലാ ഔഷധ സസ്യങ്ങളും ഈ പാർക്കിൽ നട്ടുവളർത്തി പരിപാലിക്കും.

പ്രഭാത - സായാഹ്ന സവാരി നടത്തുന്നവർക്കും ഔഷധ സസ്യങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കുമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഔഷധ സസ്യങ്ങൾ വാങ്ങാനുള്ള നഴ്സറിയും കഫ്റ്റീരിയയും ഇവിടെ ഒരുക്കും. നിലവിൽ പ്രവർത്തിച്ചുവരുന്ന ഔഷധി നഴ്സറിയുടെ വിപുലീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

ഔഷധി മനേജിംഗ് ഡയരക്ടറും കൂത്തുപറമ്പ് സ്വദേശിയുമായ കെ.വി. ഉത്തമനാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ശിൽപി.

നിലവിൽ പരിയാരം ഔഷധിയിൽ ഔഷധസസ്യ വിജ്ഞാന വ്യാപന കേന്ദ്രം ഉണ്ടെങ്കിലും അതിന്റെ സ്ഥല സൗകര്യ കുറവ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വിവിധ ഔഷധ സസ്യങ്ങളുടെ പൂക്കളിൽ നിന്നുള്ള മണവും കാറ്റുമേറ്റ് നടക്കുകയും വിശ്രമിക്കുകയും ചെയ്യുന്നതിനു പ്രകൃതിദത്ത രീതിയിൽ ഇവിടെ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കും.

പാർക്ക് ഒരുങ്ങുന്നത് 5 ഏക്കറിൽ

സസ്യങ്ങൾക്ക് നടുവിലൂടെ നടപ്പാത

നടക്കാനും വിശ്രമിക്കാനും സൗകര്യം