കണ്ണൂർ: ജനസംഖ്യാനുപാതികമായി കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കുറവുള്ള കണ്ണൂരിന്റെ പ്രതിരോധം ശ്രദ്ധയാകർഷിക്കുന്നു. പത്തു ലക്ഷം പേരിൽ 76 പേർക്കാണ് ജില്ലയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 10 ലക്ഷത്തിൽ 596 പേരുള്ള കാസർകോട് ജില്ലയാണ് ജനസംഖ്യാനുപാതികമായി ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ല.
കാസർകോട് ജില്ലയിൽ 11 ദിവസം കൊണ്ടും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 13 ദിവസം കൊണ്ടും രോഗികളുടെ എണ്ണം ഇരട്ടിയാകുമ്പോൾ 36 ദിവസമാണ് കണ്ണൂർ ജില്ലയിൽ രോഗം ഇരട്ടിക്കാനെടുക്കുന്നത്.
ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ 14 ശതമാനം കിടക്കകൾ മാത്രമെ ഉപയോഗിക്കപ്പെടുന്നുള്ളു. ബാക്കി 86 ശതമാനം കിടക്കകളിലും നിലവിൽ രോഗികളില്ല. സംസ്ഥാനത്തുതന്നെ ജില്ലയിലെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവ് രോഗികളുള്ളതെന്നതും ശ്രദ്ധേയമാണ്. വയനാട് ജില്ലയിൽ 79 ശതമാനം കിടക്കകളിലും കാസർകോട് ജില്ലയിൽ 72 ശതമാനം കിടക്കകളിലും ഇതിനോടകം രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധിക്കാൻ ജില്ലയിൽ നടത്തുന്ന കർശന നിയന്ത്രണങ്ങളുടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമാണ് ഈ നേട്ടം. ഹോം ക്വാറന്റൈൻ വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ കഴിഞ്ഞതും സാമൂഹ്യ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാൻ കഴിഞ്ഞതുമാണ് ജില്ലയിലെ സ്ഥിതി മെച്ചപ്പെട്ട നിലയിലെത്തിച്ചത്.
പത്തുലക്ഷം പേരിൽ രോഗികൾ ജില്ലയിൽ
(ഏറ്റവും കൂടുതലും കുറവും മാത്രം)
1.കാസർകോട് 596
2.തിരുവനന്തപുരം 551
3.ആലപ്പുഴ 312
13 കൊല്ലം 99
14 കണ്ണൂർ 76
ടെസ്റ്റ് പോസിറ്റീവിറ്റിയിലും കുറവ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറവാണ് - 2.3 ശതമാനം. കൊല്ലം, ഇടുക്കി ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ്. 2.1 ശതമാനമാണ് ഇവിടങ്ങളിലെ നിരക്ക്. മലപ്പുറം ജില്ലയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ 10.3 ശതമാനം. കാസർകോട് ഇത് 10.1 ശതമാനവും തിരുവനന്തപുരം 9.2 ശതമാനവുമാണ്. രോഗം ഇരട്ടിക്കാൻ ഏറ്റവും കുടുതൽ സമയമെടുക്കുന്നതും കണ്ണൂർ ജില്ലയിലാണ്.