കാസർകോട്: കാലവർഷം കനത്തതോടെ മഴക്കള്ളന്മാർ ഇറങ്ങുകയാണെന്നും ജനങ്ങൾ സൂക്ഷിക്കണമെന്നും പൊലീസ്. കുമ്പള ടൗണിൽ കഴിഞ്ഞ ദിവസം മോഷ്ടാക്കൾ കുത്തിപൊളിച്ചത് എട്ടു വ്യാപാര സ്ഥാപനങ്ങളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാത്രിയാണ് എട്ടോളം വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടന്നത്. പണവും, വസ്ത്രങ്ങളും, വിലപിടിപ്പുള്ള ഫാൻസി വസ്തുക്കളടക്കമുള്ള സാധനങ്ങൾ മോഷണം പോയി. കൊവിഡ് സുരക്ഷയുടെ ഭാഗമായി മാസങ്ങളായി അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ ഈ കഴിഞ്ഞ എട്ടാം തീയ്യതി മുതലാണ് തുറന്നു പ്രവർത്തനമാരംഭിച്ചത്. ഇതിനിടയിൽ കവർച്ചയും നടന്നത് വ്യാപാരികളെ ഏറെ ആശങ്കയിലാക്കി. അംന കളക്ഷൻ, മിസ്സ് റോസ്, ടോപ് ലേഡി, റാംപ്, ലെതർ വേൾഡ്, ബാഗ് പാലസ്, കണ്ണൂർ മൊബൈൽസ്, എം.കെ എന്റർപ്രൈസസ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്.

കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്.ഐ സന്തോഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ച നടന്ന വ്യാപാര സ്ഥാപനങ്ങൾ വിരലടയാള വിദഗ്ധർ പരിശോധിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.