പട്ടുവം: കനത്ത മഴയ്ക്കിടെ പട്ടുവം പഞ്ചായത്തിന് കടുത്ത ആശങ്കയായി മുള്ളൂൽ പടിഞ്ഞാറ് കൂത്താട്ട് ഇടുപ്പക്കുന്ന് നടുകെ പിളർന്ന നിലയിൽ. താഴ്വാരത്ത് താമസിക്കുന്ന 21 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നേരത്തെ തന്നെ കുന്നിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കുന്നാണ് പിളർന്നുനിൽക്കുന്നത്. ജിയോളജി വകുപ്പ് അധികൃതരുടെ പരിശോധനയിലൂടെ മാത്രമേ ഇനി കുന്നിന്റെ സ്ഥിതി മനസിലാകൂവെന്നാണ് അധികൃതർ നല്കുന്ന വിശദീകരണം.
രണ്ടുദിവസമായി പെയ്ത കനത്ത മഴയിൽ പട്ടുവത്ത് രണ്ട് കുന്നുകളിലാണ് മണ്ണിടിച്ചിലുണ്ടായത്. മുതുകുട പട്ടാണി കോട്ടക്കുന്നിന്റെ പടിഞ്ഞാറെ താഴ്വാരമാണ് ഇടിഞ്ഞു റോഡിലേക്ക് വീണത്. മുമ്പ് ഈ കുന്നിൽ മണ്ണെടുക്കുമ്പോൾ ഇടിഞ്ഞുവീണ മണ്ണിനടിയിൽപ്പെട്ട ഒരാൾ മരണപ്പെട്ടിരുന്നു. ഇടുപ്പക്കുന്നിന്റെ താഴ്വാരത്ത് താമസിക്കുന്ന പൊങ്ങാടൻ ഷജിത്തിന്റെ വീടിന്റെ ചുമരിലേക്ക് കഴിഞ്ഞദിവസം രാത്രി ഏഴ് മണിക്കാണ് ഒരു കൂറ്റൻ പാറ ഉരുണ്ടുവന്നുനിന്നത്. ശബ്ദംകേട്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കുന്നിന്റെ തെക്കേ പകുതി ഇടിഞ്ഞു സാവധാനം നീങ്ങുകയാണെന്ന സംശയം ഉയർന്നത്. തുടർന്നാണ് കുടുംബങ്ങളെ രാത്രി തന്നെ മാറ്റിപ്പാർപ്പിച്ചതും.
മത്സ്യ തൊഴിലാളി കുട്ടിക്കൃഷ്ണന്റെ കിണർ പിളർന്നു. അത്രയും ആഴത്തിലാണ് കുന്നുവേർപെട്ടതെന്നും പറയുന്നു. അഗ്നിശമന സേനയും റവന്യൂ അധികൃതരും സ്ഥലത്തെത്തിയെങ്കിലും ജിയോളജി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കുടുംബങ്ങളെ തിരികെ വീട്ടിലേക്ക് വിടൂവെന്നാണ് പറയുന്നത്.
2 ജീവനുകൾ നേരത്തെയെടുത്തു
1956ൽ ഇടുപ്പക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ പട്ടുവം ഹയർ എലിമെന്ററി സ്‌കൂളിൽ മൂന്നാംക്ളാസിൽ പഠിക്കുകയായിരുന്ന ഒ. പങ്കജാക്ഷി എന്ന ബാലികയും കൂക്കിരിയൻ എന്ന കർഷക തൊഴിലാളിയും മരണപ്പെട്ടിരുന്നു. ഈ സംഭവത്തെ തുടർന്ന് ഡൽഹിയിൽ നിന്ന് ജിയോളജിക്കൽ അധികൃതർ ഇടുപ്പക്കുന്ന് സന്ദർശിക്കുകയും കുന്നിലെ ചേടിമണ്ണിന്റെ നിക്ഷേപം അപകടസാദ്ധ്യത ഉയർത്തുമെന്നും നിരീക്ഷിച്ചു. കുന്നിൻ പുറത്തോ താഴ്വാരത്തോ ജനവാസ യോഗ്യമല്ലെന്ന് അവർ വ്യക്തമാക്കിയിരുന്നതായും നാട്ടുകാർ പറയുന്നു.
മൂന്നു പതിറ്റാണ്ട് മുമ്പ് പട്ടുവം സ്‌നേഹനികേതൻ സന്ദർശിക്കാനെത്തിയ ഒരു വിദേശ ജിയോളജി എൻജിനിറെ പരേതനായ കോൺഗ്രസ് നേതാവ് കപ്പച്ചേരി നാരായണൻ ഇടുപ്പ കുന്നിലേക്ക് കൊണ്ടുവന്നപ്പോഴും ഇക്കാര്യം ശരിവച്ചിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. കുന്നിന്റെ പിളർപ്പ് തങ്ങളുടെ വാസസ്ഥലത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രദേശത്ത് താമസിക്കുന്നവർ.
ജിയോളജി അധികൃതർ സ്ഥലപരിശോധന നടത്തിയാൽ മാത്രമേ വീടുവിട്ടവർക്ക് തിരികെ വരാനാകൂ.
രാജീവൻ കപ്പച്ചേരി, പഞ്ചായത്ത് അംഗം