ചെറുപുഴ: പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടുചാൽ ടൗണിനോട് ചേർന്ന രണ്ടാം വാർഡിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവ് വരുത്തണമെന്ന ആവശ്യം സി. കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗം നിരാകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, ആരോഗ്യവകുപ്പ്, റവന്യു അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം.
പാടിയോട്ടുചാൽ ടൗണിനടുത്ത് താമസിക്കുന്ന പൊലീസുകാരനും സമ്പർക്കത്തിലൂടെ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പാടിയോട്ടുചാൽ ടൗണിന്റെ ഒരു ഭാഗം അടങ്ങുന്ന രണ്ടാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ടൗണിന്റെ ഒരു വശത്തുള്ള മൂന്നാം വാർഡിലെ കച്ചവട സ്ഥാപനങ്ങൾ എല്ലാം തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതേത്തുടർന്നാണ് രണ്ടാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ടൗണിലെ രണ്ടാം വാർഡിലെ കടകൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. തുടർന്നാണ് അടിയന്തിര യോഗം ചേർന്നത്. സോണിനകത്തെ മുഴുവൻ ആളുകളും നെഗറ്റീവ് ആവുന്നതുവരെ കണ്ടെയിൻമെന്റ് സോണിൽ ഇളവ് വരുത്താൻ കഴിയില്ലെന്നാണ് സർക്കാർ നിർദ്ദേശമെന്നും ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ ഒരു കാരണവശാലും അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്ന് പൊലീസും ആരോഗ്യവകുപ്പും റവന്യു ഉദ്യോഗസ്ഥരും വ്യക്തമാക്കി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി അദ്ധ്യക്ഷത വഹിച്ചു.