കണ്ണൂർ: കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും മുൻകരുതലെന്ന നിലയിൽ ജില്ലയിലെ 2815 പേരെ കൂടി ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാർപ്പിച്ചു. 647 കുടുംബങ്ങളിൽ നിന്നായി 2795 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. ആകെ 2955 കുടുംബങ്ങളിൽ നിന്നായി 14,691 പേരാണ് നിലവിൽ ബന്ധുവീടുകളിൽ കഴിയുന്നത്. പുതുതായി ഒരു ക്യാമ്പ് കൂടി തുറന്നതോടെ ജില്ലയിൽ 12 ക്യാമ്പുകളിലായി 30 കുടുംബങ്ങളിൽ നിന്നുള്ള 159 പേരും കഴിയുന്നുണ്ട്.
കണ്ണൂർ താലൂക്കിൽ ആകെ 770 പേരാണ് ബന്ധുവീടുകളിലേക്ക് മാറിയത്. ആറ് ക്യാമ്പുകളിലായി 85 പേരും കഴിയുന്നുണ്ട്. താലൂക്കിൽ 27 വില്ലേജുകളെയാണ് മഴക്കെടുതി കാര്യമായി ബാധിച്ചത്. തലശേരി താലൂക്കിലെ പെരിങ്ങത്തൂർ വില്ലേജിൽ 84 കുടുംബങ്ങളെയും പിണറായി, തൃപ്പങ്ങോട്ടൂർ വില്ലേജുകളിൽ ഓരോ കുടുംബത്തെ വീതവും ഇന്നലെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതോടെ താലൂക്കിൽ മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളുടെ എണ്ണം 916 ആയി.
പയ്യന്നൂർ താലൂക്ക് പരിധിയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ചെറുതാഴം വില്ലേജിലെ അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. തളിപ്പറമ്പ് താലൂക്കിൽ 106 കുടുംബങ്ങളെ കൂടി ബന്ധുവീടുകളിലേക്ക് മാറ്റി. മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പട്ടുവം വില്ലേജിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ആന്തൂർ വില്ലേജിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. മൂന്ന് കിണറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാൽ നിലവിലുണ്ടായിരുന്ന രണ്ട് ക്യാമ്പുകളും പിരിച്ചുവിട്ടു.
ഇരിട്ടി താലൂക്കിൽ ഇതുവരെ 163 കുടുംബങ്ങളിൽ നിന്നായി 598 പേരെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. താലൂക്കിലെ നാല് വീടുകൾ പൂർണമായും 95 വീടുകൾ ഭാഗികമായും തകർന്നു. താലൂക്ക് പരിധിയിൽപ്പെട്ട പാൽച്ചുരം - കൊട്ടിയൂർ റോഡ്, ഇരിട്ടി - തളിപ്പറമ്പ് സ്റ്റേറ്റ് ഹൈവേ, തലശ്ശേരി-കൂർഗ് സ്റ്റേറ്റ് ഹൈവേ, ഇരിട്ടി-കൊട്ടിയൂർ റോഡ് എന്നീ റോഡുകളും കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ തകർന്നിട്ടുണ്ട്.
പൂർണമായും തകർന്ന വീടുകൾ 21
ഭാഗികമായി തകർന്നത് 1031