കാസർകോട്: മെക്കാനിക്കും ജീവനക്കാരും അടക്കം മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇതോടെ ഡിപ്പായിൽ നിന്നുള്ള ബസ് സർവീസുകളും നിർത്തിവെച്ചു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ മെക്കാനിക്കിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ഡിപ്പോയിൽ തിങ്കളാഴ്ച അണുനശീകരണം നടത്തിയിരുന്നു. ഇന്നലെ ഡിപ്പോ തുറക്കാനിരിക്കെയാണ് രണ്ട് കണ്ടക്ടർമാർക്ക് ഇന്നലെ വൈകിട്ട് കൊവിഡ് സ്ഥിരീകരിച്ചത്.
ഡിപ്പോ ഉൾപ്പെടുന്ന ഭാഗം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. വർക്ക് അറേഞ്ച്‌മെന്റിൽ കാഞ്ഞങ്ങാട് സബ്ഡിപ്പോയിലേക്ക് മാറ്റിയ ഉദുമ സ്വദേശിയായ കണ്ടക്ടർക്കും തിരുവനന്തപുരം സ്വദേശിയായ കാസർകോട്ടെ കണ്ടക്ടർക്കുമാണ് പോസിറ്റീവായത്. രണ്ടുപേർക്കും കാസർകോട് ഡിപ്പോയിലും പരിസരങ്ങളിലുമായി അറുപതിലേറെ പേരുമായി സമ്പർക്കമുണ്ടെന്നാണ് വിവരം. കണ്ടയിൻമെന്റ് സോൺ ഒഴിവാകും വരെ ഡിപ്പോ തുറക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കാസർകോട് ഡിപ്പോയിലെ ബസുകളുടെ സർവീസും നിർത്തിവെച്ചിരിക്കുകയാണ്. മുമ്പ് കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ വർക്ക് അറേഞ്ച്‌മെന്റ് കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് സബ് ഡിപ്പോ ഒരുദിവസം അടച്ചിട്ടിരുന്നു. മറ്റു ഭാഗങ്ങളിൽ നിന്ന് കാസർകോട് എത്തുന്ന ബസുകൾ പുതിയ ബസ് സ്റ്രാൻഡിൽ വന്ന് സർവീസ് ഓപ്പറേറ്റ് ചെയ്യാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.