ആന്റിജൻ പരിശോധന
ഉദുമയിൽ 124 പേരെ പരിശോധിച്ചപ്പോൾ 73 പേർക്ക് കൊവിഡ്
ചെമ്മനാട് 110 പേരിൽ 41 പേർക്കും രോഗം
കൂടുതലും മത്സ്യതൊഴിലാളികൾ
കാസർകോട്: ഉദുമ ,ചെമ്മനാട് പഞ്ചായത്തുകളുടെ തീരദേശത്ത് കൊവിഡ് പിടിമുറുക്കുന്നു.പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും സജീവമാണെങ്കിലും ഇവിടെ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ മാത്രമായി ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ 114 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഉദുമ പഞ്ചായത്തിലെ കോട്ടിക്കുളം, ബേക്കൽ പ്രദേശങ്ങളിലുള്ളവരെ ബേക്കൽ ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിൽ നടത്തിയ ക്യാമ്പിലാണ് പരിശോധിച്ചത്. 124 പേരെ പരിശോധിച്ചതിൽ 73 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നുപേർ മലാംകുന്ന് പ്രദേശത്തുനിന്നുള്ളവരും മറ്റുള്ളവർ ബേക്കൽ, കോട്ടിക്കുളം ഫിഷറീസ് കോളനിയിൽ നിന്നുള്ളവരുമാണ്.കോട്ടിക്കുളത്ത് ഇരുപതിലേറെ പേരാണ് കൊവിഡ് ബാധിച്ച് ആസ്പത്രിയിൽ കഴിയുന്നത്. സമ്പർക്കം മൂലമാണ് കൂടുതൽ പേർക്ക് രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ചെമ്മനാട് പഞ്ചായത്തിലെ കീഴൂരിൽ 110 പേരെ പരിശോധിച്ചു. ഇവ രിൽ കോവിഡ് സ്ഥിരീകരിച്ചത് 41 പേർക്കാണ്. രോഗബാധയുള്ളവരിൽ ഏറെയും മത്സ്യതൊഴിലാളികളാണ്. ഇതുവരെ ഈ പ്രദേശത്ത് 64 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മെഡിക്കൽ ക്യാമ്പിൽ കൊവിഡ് ലക്ഷണങ്ങളുമായി എത്തിയ 110 പേരെ പരിശോധിച്ചിരുന്നു. തുടർന്നാണ് ആന്റിജൻ പരിശോധന നടത്താൻ തീരുമാനിച്ചത്.