desaster

നീലേശ്വരം: തുടർച്ചയായി പ്രളയവും ഉരുൾപൊട്ടലും കടൽക്ഷോഭവുമടക്കം ദുരന്തം ആവർത്തിച്ചിട്ടും കാസർകോടിന് 2014ൽ അനുവദിച്ച പ്രളയദുരന്തനിവാരണകേന്ദ്രം വർഷം ആറുകഴിഞ്ഞിട്ടും യാഥാർത്ഥ്യമായില്ല. 2014ലാണ് ജില്ലയിൽ അനുവദിച്ച ദുരന്തനിവാരണ കേന്ദ്രത്തിന് തുടക്കം കുറിക്കുന്നത്.ഇതിനായി നീലേശ്വരം പാലാത്തടം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിന് സമീപം അങ്കക്കളരി റോഡിൽ എട്ട് ഏക്കർ സ്ഥലം കണ്ടുവച്ചതുമാണ്.

ദുരന്തനിവാരണ കേന്ദ്രത്തിനായി ഇത്രയും സ്ഥലം കൈമാറാൻ റവന്യു വകുപ്പ് സന്നദ്ധത പ്രകടിപ്പിച്ചതാണ് .ഇതനുസരിച്ച് അന്നത്തെ ദുരന്തനിവാരണ വിഭാഗം മേധാവി ഡോ.ബി.സന്ധ്യ പാലാത്തടത്തെത്തി സ്ഥലം സന്ദർശിച്ചിരുന്നു.ദുരന്തനിവാരണ കേന്ദ്രത്തിന് യോജിച്ച സ്ഥലമാണ് ഇതെന്ന് അവർ വിലയിരുത്തിയതുമാണ് .എന്നാൽ ഡോ.ബി.സന്ധ്യ ദുരന്തനിവാരണ കേന്ദ്രത്തിന്റെ സ്ഥാനം ഒഴിഞ്ഞതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം ചുവപ്പുനാടയിലായി.

രണ്ട് ദിവസം മുമ്പു തേജസ്വിനി പുഴയിലും മറ്റ് പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായപ്പോൾ പഞ്ചായത്ത് അധികൃതരും നാട്ടുകാരുമാണ് വെള്ളപ്പൊക്ക കേന്ദ്രത്തിൽ നിന്ന് ആൾക്കാരെ സുരക്ഷിത താവളങ്ങളിലേക്കെത്തിച്ചിരുന്നത്.ദുരന്തനിവാരണ കേന്ദ്രം തുടങ്ങുകയാണെങ്കിൽ പരിശീലനം ലഭിച്ച സന്നദ്ധ ഭടന്മാർ ഏത് നിമിഷവും ആൾക്കാരെ സുരക്ഷിത താവളങ്ങളിലേക്കെത്തിക്കുവാൻ കഴിയും. അടുത്ത പ്രളയം വരുകയാണെങ്കിൽ ജില്ലക്ക് അനുവദിച്ച ദുരന്തനിവാരണ കേന്ദ്രം എത്രയും വേഗം തുടങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഫയലിൽ ജീവനല്ല,ജീവിതങ്ങൾ തന്നെയാണ്

കോഴിക്കോട് ജില്ല കഴിഞ്ഞാൽ വടക്ക് നിലവിൽ ദുരന്തനിവാരണ കേന്ദ്രങ്ങളില്ല. നീണ്ട കടൽതീരം, നിരവധി പുഴകൾ, പശ്ചിമഘട്ടം, എന്നിവയുടെ പശ്ചാത്തലമുള്ളവയാണ് കണ്ണൂർ, കാസർകോട് ജില്ലകൾ .വയനാടിനാകട്ടെ കടൽതീരമില്ലെന്നേയുള്ളു. പ്രളയക്കെടുതിയും വെള്ളപ്പൊക്ക ഭീഷണിയും ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജില്ലകളാണിവ.മൂന്ന് ജില്ലകളിലും കുടി ഏറെ നദികളുള്ള ഈ പ്രദേശങ്ങളിലുള്ളവർ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരുമാണ്.ഇക്കുറിയും മലയോര മേഖലയിൽ ഉരുൾപൊട്ടൽ സംഭവവും നടന്നിരുന്നു. മുൻവർഷങ്ങളിലെ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശവും ജീവാപായവും സംഭവിച്ചിരുന്നു.കഴിഞ്ഞ രണ്ടു വർഷമായി പ്രളയക്കെടുതിയും വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്നു് കാലാവസ്ഥ മുന്നറിയിപ്പും ഈ ജില്ലകൾക്ക് മേലുണ്ടായിരുന്നു.

ഇത്രയെല്ലാം ഗുരുതരമായ സാഹചര്യമുണ്ടായിരിക്കെയാണ് കാസർകോടിന് അനുവദിച്ച ദുരന്തനിവാരണകേന്ദ്രത്തിന്റെ ഫയൽ നീങ്ങാത്തത്.

ബൈറ്റ്

നീലേശ്വരം നഗരസഭയിൽ പാലാത്തടത്ത് ദുരന്തനിവാരണ കേന്ദ്രത്തിന് സ്ഥലം കണ്ടെത്തിയ സ്ഥലത്ത് തന്നെ കേന്ദ്രം തുടങ്ങും. അതിനുള്ള കടലാസ് പ്രവൃത്തികൾ നടന്നുവരുന്നു. യാതൊരു കാരണവശാലും ദുരന്തനിവാരണ കേന്ദ്രം ഇവിടെ നിന്ന് നഷ്ടപ്പെടുകയില്ല-എം.രാജഗോപാലൻ എം.എൽ.എ..