മാഹി: പ്രളയവും ഉരുൾപൊട്ടലും ചുഴലിക്കാറ്റുമെല്ലാം താണ്ഡവമാടുന്നത് തുടർക്കഥയായി മാറുമ്പോൾ, കാലാവസ്ഥാ നിരീക്ഷണത്തിനും മത്സ്യസമ്പത്തിന്റെ ദിശ മനസ്സിലാക്കാനും മയ്യഴി ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന്റെ കോമ്പൗണ്ടിൽ ഐ.എസ്.ആർ.ഒ സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ കേന്ദ്രം നോക്കുകുത്തിയായി. ഹൈദരാബാദിലെ കേന്ദ്രത്തിൽ നിന്നുള്ള വിവരമാണ് ഇവിടെ ലഭിച്ചിരുന്നത്. നിലവിൽ കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് ഇത്തരമൊരു സംവിധാനമുള്ളത്.
ഐ.എസ്.ആർ.ഒ മാഹി യൂണിറ്റ്പ്രവർത്തനക്ഷമമാണെങ്കിലും, അത് പ്രവർത്തിപ്പാക്കാനാവശ്യമായ പരിശീലനം സിദ്ധിച്ചവരില്ലാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. വർഷങ്ങളായി ഉപയോഗിക്കാതെ വെച്ചതിനാൽ ഉപകരണങ്ങളെല്ലാം തുരുമ്പെടുക്കുകയാണ്.
മാഹി ഫിഷറീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഹൈദരാബാദിൽ പരിശീലനം നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. മാഹിയിലെ ഭരണകൂടം മുൻകൈയെടുത്താൻ മാത്രമേ ഇതുസാധ്യമാകൂ. അതിനിടെ സിസ്റ്റം കാര്യക്ഷമമാക്കാൻ സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചിരുന്നെങ്കിലും അവരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ ഗൂഗിൾ വഴിയാണ് മത്സ്യത്തൊഴിലാളികൾക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് നൽകുന്നത്. മയ്യഴിക്കും സമീപ പ്രദേശങ്ങൾക്കും അനുഗ്രഹമായ ഈ സെന്ററിനെ നോക്കുകുത്തിയാക്കുന്നതിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
മത്സ്യത്തൊഴിലാളികളുടെ
സഹായധനവും മുടങ്ങി
വർഷം തോറും ട്രോളിംഗ് നിരോധന കാലത്ത് ലഭ്യമായിരുന്ന 5500 രൂപയുടെ സഹായധനം ഇത്തവണ ലഭിച്ചില്ല. മൂന്ന് മാസക്കാലമായി മത്സ്യതൊഴിലാളി പെൻഷനും ലഭിക്കുന്നില്ല. മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റരുടെ നിർദ്ദേശം മാനിച്ച് 21 ദിവസം മയ്യഴി തീരത്തെ അഞ്ഞൂറോളം മത്സ്യതൊഴിലാളി കുടുംബങ്ങൾ ജോലിക്ക് പോകാതെ വീട്ടിലിരുന്നു. കൊവിഡ് തുടങ്ങിയതു മുതൽ ജോലിയില്ലാത്ത അവസ്ഥയാണ്. 20 കിലോ സൗജന്യ അരി സർക്കാർ മുഴുവൻ റേഷൻ കാർഡുടമകൾക്കും നൽകിയിരുന്നു. എന്നാൽ കടലോര മേഖലയിൽ കൂട്ടുകുടുംബമായി താമസിക്കുന്നതിനാൽ ഒരു കാർഡ് മാത്രമേ ഉണ്ടാവുകയുള്ളൂ. അതിൽ ആരെങ്കിലും ഒരാൾ ഫോർത്ത് ക്ലാസ് സർക്കാർ ജീവനക്കാരനായാൽ സൗജന്യ അരിക്ക് അയോഗ്യരാകും. മുൻകാലങ്ങളിൽ തോണിക്കാർക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന മണ്ണെണ്ണയും ഇപ്പോൾ ലഭിക്കുന്നില്ല.
കേന്ദ്രം മത്സ്യത്തൊഴിലാളികൾക്ക് അനുഗ്രഹം
ഉപഗ്രഹത്തിന്റെ സഹകരണത്തോടെ കടലിന്റെ അടിയൊഴുക്കും മത്സ്യസമ്പത്തിന്റെ കിടപ്പും കാറ്റും മഴയുമെല്ലാം മുൻകൂട്ടി കൃത്യതയോടെ മനസ്സിലാക്കാനും തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും സുഗമമായ മത്സ്യബന്ധനം നടത്താനും കേന്ദ്രം പ്രവർത്തികമായാൽ സാധ്യമാകും. കരയിൽ നിന്ന് എത്ര കിലോമീറ്റർ, ഏത് ദിശയിലാണ് മത്സ്യക്കൂട്ടമുള്ളതെന്നും അതിന്റെ സഞ്ചാരപഥവുമടക്കം കൃത്യമായി അറിയാനാവും. കടലിലെ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനവും സൂക്ഷ്മതയോടെ മനസ്സിലാക്കാം.
മാഹിയിലെ ഐ.എസ്.ആർ.ഒ. കേന്ദ്രം പ്രവർത്തിക്കുന്ന ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കെട്ടിടം.