കാഞ്ഞങ്ങാട് :കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമെ പ്രവർത്തിക്കുകയുള്ളുവെന്ന് കാഞ്ഞങ്ങാട്ടെ വ്യാപാരികൾ ഉറപ്പ് നൽകി. നഗരസഭയിൽ വിളിച്ചു ചേർത്ത വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിൽ ചെയർമാൻ വി.വി. രമേശന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസർ നിർബന്ധമായും വെക്കണം. സോപ്പ് വെള്ളം, ബക്കറ്റ്, പാട്ട എന്നിവ പാടില്ല. മാസ്ക്ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. ആളുകൾ കൂട്ടം കൂടരുത്. തെരുവോര കച്ചവടം പൂർണ്ണമായും നിരോധിക്കും. മേൽ തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്താനായി പരിശോധന ശക്തമാക്കുന്നതും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സുബൈർ ബല്ല, മേഖലാ ജനറൽ സെക്രട്ടറി കെ.ജി.പ്രഭാകരൻ, സി.യൂസഫ് ഹാജി, എൻ.പി.അഷറഫ്, രാമചന്ദ്രൻ തോയമ്മൽ, മുഹമ്മദ് കല്ലുരാവി, സി.എ പീറ്റർ, വിനോദ് , നഗരസഭാ സെക്രട്ടറി കെ ജി ഗിരീഷ്, സത്യൻ പടന്നക്കാട് റവന്യൂ ഉദ്യോഗസ്ഥർ, എന്നിവർ സംസാരിച്ചു.