തൃക്കരിപ്പൂർ: നിർമ്മാണം പൂർത്തിയാക്കിയിട്ട് രണ്ടു വർഷത്തോളമായിട്ടും പ്രവർത്തനമാരംഭിക്കാതെ ബഡ്സ് സ്കൂൾ. ദ്വീപു പഞ്ചായത്തായ വലിയപറമ്പിലെ ശാരീരിക വൈകല്യങ്ങൾ ഉള്ള കുട്ടികൾക്കായി രണ്ടു കോടി രൂപ ചെലവിട്ട് ഇടയിലേക്കാട് നിർമ്മിച്ച സ്കൂളാണ് അനാഥമായി കിടക്കുന്നത്.
മുൻ എം.പി. പി. കരുണാകരൻ, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ എന്നിവരുടെ ഇടപെടലിന്റെ ഭാഗമായാണ് കേരളത്തിലെ 40 പഞ്ചായത്തുക്കൾക്ക് രണ്ടു കോടി വികസന പാക്കേജ് അനുവദിച്ചതിൽ വലിയപറമ്പിനെ കൂടി പരിഗണിച്ചത്. കെട്ടിടത്തിന്റെ വൈദ്യുതിക്കായി വലിയ തുക പഞ്ചായത്ത് ചെലവഴിക്കുന്നുണ്ട്.
മൂന്നു ഘട്ടങ്ങളിലായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 9.5 ലക്ഷം രൂപയും 2018 ൽ കുടുംബശ്രീ ജില്ലാമിഷൻ അടിസ്ഥാന സൗകര്യം ഒരുക്കാൻ അനുവദിച്ച 12.50 ലക്ഷം രൂപയും ഇതേവരെ ചെലവഴിച്ചിട്ടില്ലെന്നാണ് അറിയുന്നത്. സമയബന്ധിതമായി ഈ തുക ചെലവഴിച്ചിരുന്നെങ്കിൽ 12.50 ലക്ഷം കൂടി ലഭിക്കുമായിരുന്നുവെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വർഷം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചതല്ലാതെ പ്രവർത്തനം ആരംഭിക്കാനുള്ള ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തിലെതുൾപ്പെടെ ശാരീരിക പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് കൂടി പ്രയോജനമാകുന്ന ഈ വിദ്യാലയം എത്രയുംപെട്ടെന്ന് പ്രവർത്തനം തുടങ്ങാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.