സന്തോഷങ്ങളും നൊമ്പരങ്ങളും ഒരുമിച്ച് പങ്കുവച്ചവർ. ഒരേ കൂരയ്ക്ക് കീഴിൽ താങ്ങും തണലുമായി മതിലുകളില്ലാതെ ഒരേ മനസോടെ തലചായ്ച്ചവർ. കൈ മെയ് ചേർന്ന് പരസ്പരം പുണർന്ന് വെള്ളക്കച്ച പുതച്ച് അവർ യാത്രയാകുമ്പോൾ വടക്കേ അറ്റത്ത് കണ്ണൂരിൽ നടുക്കുന്ന ഓർമ്മകളുമായി കഴിയുന്ന ഒരാളുണ്ട്. അറുപതോളം പേരുടെ മരണത്തിനിടയാക്കിയ ഇടുക്കി മൂന്നാർ രാജമല പെട്ടിമുടിയും കണ്ണൂരും തമ്മിലെന്താണ് ബന്ധമെന്ന ചോദ്യത്തിന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമൻ ഉത്തരം തരും.
''ഇടുക്കിയിലെ പ്രധാന നഗരങ്ങൾ പിറക്കുന്നതിന് മുമ്പ് പെട്ടിമുടിയുണ്ട്. ആകാശം മുട്ടുന്ന കൂറ്റൻകെട്ടിടങ്ങളും മണിമാളികകളുമായി നഗരങ്ങൾ അതിവേഗം വളർന്നെങ്കിലും പെട്ടിമുടിയിലെ ദുരിതം കൊടുമുടിയോളമാണ്. ഇപ്പോഴും തകരഷീറ്റിനുള്ളിൽ തന്നെയാണ് ഇവരുടെ ജീവിതം. അതിരാവിലെ മുതൽ വൈകുവോളം കൊളുന്തെടുക്കന്ന തൊഴിലാളിയുടെ ദിവസക്കൂലി 600 രൂപയായി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പതിറ്റാണ്ടുകളായി പറയുന്ന വിഷയങ്ങൾക്ക് ഇനിയും പരിഹാരമായില്ല. അടച്ചുറപ്പുള്ള വീടുണ്ടാക്കാൻ പോലും അവർക്ക് നിവൃത്തിയില്ല. മുന്നൂറ് രൂപയിൽ താഴെ മാത്രമാണ് ഇപ്പോഴും കൂലി. ലയങ്ങൾ പൊളിഞ്ഞ് വീണ് തുടങ്ങിയിട്ടും പുതിയവ നിർമ്മിക്കുന്നതിനുള്ള കാര്യമായ നടപടി ചില കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുമില്ല.""
തേയില തൊഴിലാളികൾ ഒന്നിച്ചു പാർക്കുന്ന രാജമലയിലേതു പോലുള്ള പെരിയവരൈയിലെ ലയങ്ങളിൽ നിന്നു കണ്ണൂർ റേഞ്ച് ഡി. ഐ.ജി പദവിയിലേക്കുള്ള സേതുരാമന്റെ സഞ്ചാരം അത്യദ്ധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും നാഴികക്കല്ലുകൾ താണ്ടിയായിരുന്നു. ലയങ്ങളിലെ ജീവിതം എന്നും അങ്ങനെയായിരുന്നു. പത്ത് മുറികളും പത്ത് കുടുംബങ്ങളുമാണെങ്കിലും അവർ എന്നും ഒന്നിച്ചായിരുന്നു. അയൽപക്കത്തെ ആഘോഷങ്ങൾ തങ്ങളുടേതാണെന്ന് കരുതി പങ്കുചേരും. സങ്കടങ്ങളിൽ തണലേകും. കണ്ണൂർ ഡി.ഐ.ജിക്ക് മൂന്നാറിലെ ലയങ്ങളിൽ എന്ത് കാര്യം എന്നറിയണമെങ്കിൽ അമ്പതുവർഷം പിറകിലേക്ക് സഞ്ചരിക്കണം.
ജീവിതങ്ങളുടെ ദുരിതക്കൂട്
മൂന്നാർ ചോലമല ഡിവിഷനിലെ പെരിയവരൈ എസ്റ്റേറ്റിലെ തേയില കൊളുന്ത് നുള്ളുന്ന തൊഴിലാളികളാണ് കറുപ്പയ്യയും സുബ്ബമ്മാളും. കറുപ്പയ്യക്ക് നാലാം ക്ളാസ് വരെ മാത്രം വിദ്യാഭ്യാസം. സുബ്ബമ്മാൾ പള്ളിക്കൂടത്തിലേ പോയില്ല. ഇവരുടെ മൂത്തമകനായ സേതുരാമന്റെ മനസ് നിറയെ ചെറുപ്പം മുതലെ അക്ഷരങ്ങളായിരുന്നു. കൊളുന്തുനുള്ളുന്ന തൊഴിലാളി ജീവിതങ്ങളുടെ ദുരിതക്കൂടാണ് ഓരോ എസ്റ്റേറ്റ് ലയവും. കാറ്റൊന്നു ആഞ്ഞു വീശിയാൽ, തകർന്നടിയുന്ന, കണ്ടാൽ ശ്വാസം മുട്ടുന്ന ലയങ്ങളിൽ എന്ത് സംഭവിക്കുന്നുവെന്നു പുറംലോകം അറിയാറില്ല. ഇപ്പോൾ ഈ വൻ ദുരന്തം നടന്നതു കൊണ്ടു മാത്രമാണ് ലയത്തിനു പുറത്തേക്ക് ഇവിടുത്തെ ജീവിതം വാർത്തയായത്.
പേരിനു രണ്ട് മുറികൾ മാത്രമുള്ളതായിരുന്നു സേതുരാമൻ താമസിച്ച ലയവും. നിന്നു തിരിയാൻ ഇടമില്ല. ഒന്നു രണ്ടു മുറികളിലായി കൂട്ടുകുടുംബങ്ങൾ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന രക്ഷിതാക്കൾ. ചോലമലയിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലാണ് ചെറിയ ക്ളാസിൽ സേതുരാമനെ പറഞ്ഞയച്ചത്. ഏഴ് കിലോ മീറ്റർ നടന്നുവേണം സ്കൂളിലെത്താൻ. രണ്ട് ക്ളാസ് മുറികളും ഒരു അദ്ധ്യാപകനും. പഠനം തമിഴിൽ. പല ക്ളാസിലെ കുട്ടികൾ ഒരുമിച്ചിരുന്ന് പഠിക്കും. പാഠപുസ്തകവും പെൻസിലും ഇല്ല. പഠനോപകരണം എന്നു പറയാൻ ഒരു സ്ളേറ്റുമാത്രം. പിന്നാക്ക വിഭാഗത്തിൽപെട്ട സേതുരാമൻ പഠിക്കാൻ മിടുക്കനായിരുന്നു. അഞ്ചാം ക്ളാസിൽ മൂന്നാർ ലിറ്റിൽ ഫ്ളവർ ഗേൾസ് സ്കൂളിൽ ചേർത്തു. എസ്റ്റേറ്റ് മുതലാളി നൽകുന്ന കൂലി മാത്രമാണ് ജീവന്റെ ചക്രം. കൊളുന്തു നുള്ളിയെത്തുന്ന അച്ഛനും അമ്മയ്ക്കും തേയിലയുടെ മണമായിരിക്കും. ഗേൾസ് സ്കൂളായതിനാൽ അഞ്ചാം ക്ളാസ് കഴിഞ്ഞാൽ പിന്നെ ആൺകുട്ടികൾക്ക് ലിറ്റിൽ ഫ്ളവർ സ്കൂളിൽ തുടർപഠനം സാദ്ധ്യമല്ല. എങ്ങോട്ടുപോകണമെന്നായി ചിന്ത. എവിടെയെങ്കിലും പോയി പഠിക്കണം എന്ന വാശി മാത്രമായിരുന്നു ആ പന്ത്രണ്ടുകാരന്റെ മനസ് നിറയെ. സേതുരാമന്റെ പഠിക്കാനുള്ള താത്പര്യം തിരിച്ചറിഞ്ഞ മാതാപിതാക്കളും മുത്തശ്ശനും വീട്ടുകാരും എസ്റ്റേറ്റിലെ മറ്റു താമസക്കാരും സേതുരാമന് നൽകിയ പിന്തുണയും പ്രാർത്ഥനയും വാനോളമായിരുന്നു. എല്ലാവരും ചേർന്ന് സൈനിക് സ്കൂൾ പ്രവേശന പരീക്ഷ എഴുതാൻ നിർബന്ധിച്ചു. ലയത്തിൽ സന്തോഷം നിറഞ്ഞ മുഹൂർത്തമായിരുന്നു അത്. മാതാപിതാക്കളുടെയും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പ്രാർത്ഥനയും അദ്ധ്യാപകരുടെ പ്രോത്സാഹനവും കൂടിയായപ്പോൾ പ്രവേശന പരീക്ഷയിൽ വിജയം സേതുരാമനെ തേടിയെത്തി. തമിഴ്നാട്ടിലെ ഉദുമൽപേട്ട് സൈനിക് സ്കൂളിൽ സേതുരാമന് പ്രവേശനം കിട്ടി. തേയില കൊളുന്തുകളുടെ തഴമ്പ് പേറുന്ന കൈകൾ തലയിൽ വച്ച് കറുപ്പയ്യയും സുബ്ബമ്മാളും മകനെ അനുഗ്രഹിച്ചു.
വിജയത്തിലേക്കുള്ള ചുവടുകൾ
ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് സൈനിക് സ്കൂളിന്റെ പടവുകൾ കയറുമ്പോൾ മനസിൽ കണക്ക് കൂട്ടി. മഴയൊന്നു അലറി തിമർത്തു പെയ്താൽ വെള്ളം കയറുന്ന ലയത്തിൽ നിന്നു മോചനം വേണം... അതായിരുന്നു മനസ് നിറയെ. പഠിച്ച് വലിയ ആളായി അച്ഛനെയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും ഒരുമിച്ച് നിർത്തി അടച്ചുറപ്പുള്ള വീട്ടിൽ ജീവിക്കണം. തുടർന്ന് പ്ളസ് ടു വിഭാഗത്തിൽ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിച്ച് ഉന്നത വിജയം നേടിയെങ്കിലും ബിരുദത്തിന് സാമ്പത്തിക ശാസ്ത്രം എടുത്തു പഠിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു. സാമ്പത്തിക ശാസ്ത്രത്തെക്കാളും വഴങ്ങുന്നത് രസതന്ത്രമാണെന്ന ചിലരുടെ നിർദേശങ്ങൾ സേതുരാമന്റെ പഠനത്തിന്റെ രസച്ചരട് മുറിച്ചു. ഒടുവിൽ അവരുടെ നിർബന്ധത്തിന് വഴങ്ങി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബി.എസ് സി രസതന്ത്രത്തിന് ചേർന്നു. എന്നാൽ രസതന്ത്രം തന്റെ തട്ടകമല്ലെന്ന് സേതുരാമൻ അധികം വൈകാതെ തിരിച്ചറിഞ്ഞു. രണ്ടാം വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിനു ചേർന്നു. സ്വയം പഠിച്ച് അവിടെ നിന്നു തന്നെ സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവുമെടുത്തു. പിന്നീട് ഓരോ ചുവടുകളും വിജയത്തിന്റേതായി. തുടർന്ന് സെന്റർ ഫോർ ഡവലപ്പ് മെന്റ് സ്റ്റഡീസിൽ ഗവേഷണത്തിനു ചേർന്നു.
താൻ കൂടി ഉൾപ്പെടുന്ന വിഭാഗത്തിന്റെ ജീവിതം തന്നെയായിരുന്നു വിഷയം, ജനകീയാസൂത്രണത്തിൽ ആദിവാസികളുടെ പങ്ക്. സ്വന്തം ജീവിതം കൊണ്ടെഴുതിയ ഗവേഷണ പ്രബന്ധം. ആദിവാസി ജീവിതത്തിന്റെ പരിച്ഛേദം എന്നു തന്നെ വിശേഷിപ്പിക്കാം.
സിവിൽ സർവീസ് മോഹവുമായി അലഞ്ഞു
മാതാപിതാക്കളും വീട്ടുകാരും ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിന്റെ വലിയൊരു പങ്ക് സേതുരാമന്റെ പഠനത്തിനു വേണ്ടി നീക്കിവയ്ക്കുകയായിരുന്നു. കമ്പനി ഉടമകളും മറ്റു എസ്റ്റേറ്റ് തൊഴിലാളികളും എല്ലാം പ്രോത്സാഹനവുമായി കൂടെ നിന്നു. തിരുവനന്തപുരത്തെ ചില സ്വകാര്യ കോച്ചിംഗ് സെന്ററുകളിലും മറ്റും ക്ളാസെടുത്ത് കിട്ടുന്നതു പോക്കറ്റ് മണിയായി. ലൈബ്രറികളിലും മറ്റും പോയിരുന്നാണ് ഗവേഷണ പ്രബന്ധത്തിനുള്ള ഒരുക്കം നടത്തിയത്.
എം. ഫിൽ കഴിഞ്ഞതോടെ മറ്റൊരു മോഹമുദിച്ചു. സിവിൽ സർവീസ് നേടണം. സിവിൽ സർവീസ് അക്കാഡമികളിൽ നിന്നു പരിശീലനം നേടി. അപ്പോഴും എത്ര പണം വേണമെങ്കിലും തരാൻ നല്ലവരായ വീട്ടുകാരും ലയത്തിലെ താമസക്കാരും തയ്യാറായി. വീറും വാശിയും നിറഞ്ഞ പഠനവഴികളിൽ സേതുരാമൻ അന്വേഷിച്ചത് അറിവിനെയാണ്. പുസ്തകങ്ങളും അദ്ധ്യാപകരും അറിവിന്റെ അനന്തതീരങ്ങളിലേക്ക് സേതുരാമനെ കൈപിടിച്ചു കൊണ്ടുപോയി. 2000 ൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ ഒരുപടി കടന്നെങ്കിലും മെയിനിൽ കര പറ്റിയില്ല. അടുത്ത വർഷം രണ്ടും കടന്ന് ഇന്റർവ്യൂ വരെ എത്തിയെങ്കിലും പച്ച തൊട്ടില്ല. എന്നിട്ടും ആത്മവിശ്വാസത്തിൽ ഒരു ചുവടുപോലും പിന്നോട്ട് പോയില്ല. 2002 ൽ നേരെ തിരിച്ചായി. പ്രിലിമിനറി ജയിച്ചു, മെയിൻ കിട്ടിയില്ല. പക്ഷേ, തൊട്ടടുത്ത വർഷം വിജയം സേതുരാമനൊപ്പം. ദേശീയതലത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ സേതുരാമന്റെ റാങ്ക് 322, പട്ടികജാതി വിഭാഗത്തിൽ 23. മലപ്പുറം എസ്.പിയായിട്ടായിരുന്നു സേതുരാമന്റെ ആദ്യ നിയമനം. തുടർന്ന് പ്രമോഷനായതോടെ അഡ്മിസ്ട്രേഷൻ ഡി.ഐ.ജിയായി. പൊലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലായി. രണ്ടുവർഷമായി കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായി പ്രവർത്തിക്കുന്നു.
ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വരച്ചുകാട്ടുന്ന മലയാളത്തിന്റെ ഭാവി, മലയാളി ഒരു ജനിതക വായന എന്നീ ഗ്രന്ഥങ്ങളും സേതുരാമൻ രചിച്ചിട്ടുണ്ട്. മലയാളത്തിന്റെ ഭാവി എന്ന ഗവേഷണ ഗ്രന്ഥം മലയാള ഭാഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നതാണ്. ഇത് മലയാളത്തോടുള്ള ആത്മാർത്ഥതയുടെ, സ്നേഹത്തിന്റെ പ്രതിഫലനമാണ്. മലയാളത്തിന്റെ ഭാവി പറയുന്ന മറ്റൊരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് സേതുരാമനിപ്പോൾ. തൃശൂർ സ്വദേശിയായ ഡോ. ഷീന പി. കൊച്ചുമോനാണ് ഭാര്യ. ശിശുരോഗ വിദഗ്ധയായ ഡോ. ഷീനയും മക്കളായ സിദ്ധാർഥ്, ശ്യാം എന്നിവരും സേതുരാമന്റെ മാതാപിതാക്കളും ഇപ്പോൾ കണ്ണൂരിൽ ഒപ്പമുണ്ട്. സഹോദരി അനിത ചെന്നൈയിൽ കുടുംബസമേതം താമസിക്കുന്നു.
ഡൽഹി വംശഹത്യയുടെ ഇരകളിലൊന്നായ ഇമ്രാനെ ചേർത്തുപിടിച്ച് അഞ്ച് മാസം മുമ്പ് സേതുരാമൻ ഫേസ് ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. ''നിന്റെ ഭൂമി ആരുടെയും ദാനമല്ല, നീയും നിന്റെ എണ്ണമറ്റവരും തലമുറകളും ഈ ഭൂമിയിൽ അന്തസോടെ, അഭിമാനത്തോടെ, പൂർണ അവകാശത്തോടെ പാർക്കും..."" മൂന്നാർ രാജമല ദുരന്തഭൂമിയിൽ ഇനിയും ജീവിതം കിളിർത്തു വരും. ഒരു മരണത്തിനും ജീവന്റെ കൊളുന്ത് ഇറുത്തുകൊണ്ടുപോകാൻ കഴിയില്ലെന്നു സേതുരാമൻ വിശ്വസിക്കുന്നു.