mechene
പ്രവർത്തനം നിലച്ച കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ 21 വർഷം പഴക്കമുള്ള റേഡിയോതെറാപ്പി മെഷീൻ

തളിപ്പറമ്പ്: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ടെലി തൊറാപ്പി യൂണിറ്റ് തകരാറിലായതിനെ തുടർന്ന് കണ്ണൂർ,കാസർകോട്, വയനാട് ജില്ലകളിലെ കാൻസർ രോഗികൾക്കുള്ള

റേഡിയേഷൻ ചികിത്സ നിലച്ചു. കാൻസർ ബാധിതർക്ക് അത്യാവശ്യമായ ചികിത്സയാണ് ഇതോടെ മുടങ്ങിയത്.

നിർദ്ധനരായ രോഗികളാണ് ഇതുമൂലം പ്രാണവേദനയുമായി കഴിയുന്നത്. 1999 ൽ കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മെഷീന് 21 വർഷത്തെ പഴക്കമുണ്ട്. തകരാർ പരിഹരിച്ച് ഈ മെഷീൻ പ്രവർത്തനക്ഷമമാക്കാൻ ഒരുകോടി രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.ഇത് സംബന്ധിച്ച് പ്രിൻസിപ്പാൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് എഴുതിയിട്ടുണ്ടെങ്കിലും യാതൊരു തീരുമാനവുമായിട്ടില്ല. ഡി .എം. ഇയുടെ അനുമതിയും ആവശ്യമായ ഫണ്ടും ലഭിച്ചാൽ മാത്രമേ റേഡിയോതൊറാപ്പി മെഷീൻ അറ്റകുറ്റപ്പണി നടത്താൻ സാധിക്കുകയുള്ളൂ.

അറുപഴഞ്ചൻ,കണ്ണൂരിന് മാത്രം

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മാത്രമേ റേഡിയോതെറാപ്പിക്ക് ഇത്ര പഴഞ്ചൻ മെഷീൻ ഉപയോഗിക്കുന്നുള്ളൂ. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകളിലെല്ലാം അഡ്വാൻസ്ഡ് ടെക്‌നോളജി മെഷീനായ ലിനാക് ആണ് ഉപയോഗിക്കുന്നത്. സ്ഥിരമായി റേഡിയേഷൻ നടത്തിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് കാൻസർ രോഗികൾക്ക് ഇതോടെ വലിയ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നിരിക്കയാണ്.