പയ്യന്നൂർ: നഗരത്തിലെ കൊവിഡ് രോഗ വ്യാപന സാധ്യത അറിയുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്നായി പ്രത്യേകം തിരഞ്ഞെടുത്ത കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, വ്യാപാരികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 68 പേരെ പങ്കെടുപ്പിച്ചു ചൊവ്വാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ എല്ലാരുടെയും ഫലം നെഗറ്റീവ്. ഏതാനും ദിവസം മുൻപ് തിരഞ്ഞെടുത്ത 25 ചുമട്ട് തൊഴിലാളികളിൽ നടത്തിയ പരിരോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ത മേഖലയിലുള്ളവരിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് കണ്ടെത്തിയതിനാൽ നഗരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ല എന്ന ആശ്വാസത്തിലാണ് നഗരസഭാ അധികൃതരും ആരോഗ്യ പ്രവർത്തകരുമുള്ളത്.

തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ പേരിൽ പരിശോധനകൾ നടത്തുമെന്ന് ചെയർമാൻ ശശി വട്ടക്കൊവ്വൽ അറിയിച്ചു. കഴിഞ്ഞ ദിവസം സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച വാർഡ് 15 ലും സമീപ പ്രദേശങ്ങളിലും സമ്പർക്ക പട്ടികയിലുള്ള മുഴുവനാളുകളെയും കണ്ടെത്തി കർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.