psc

കണ്ണൂർ: ഉദ്യോഗാർത്ഥികളുടെ ആശങ്ക വർധിപ്പിച്ച് ജില്ലയിലെ എച്ച്.എസ്.എ ഹിന്ദി റാങ്ക് ലിസ്റ്റ് കഴിയാൻ കേവലം രണ്ടാഴ്ച മാത്രം. 2017 ആഗസ്റ്റ് 30 ന് നിലവിൽ വന്ന റാങ്ക്ലിസ്റ്റ് കാലാവധി 29ന് അവസാനിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഈ അദ്ധ്യയന വർഷം കുട്ടികളുടെ തലയെണ്ണൽ, സ്റ്റാഫ് ഫിക്സഷൻ എന്നിവ മുടങ്ങിയതാണ് ഇവരുടെ ഉദ്യോഗ മോഹത്തിന് കരിനിഴൽ വീഴ്ത്തിയത്.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ പ്രവേശനം കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻ വർഷത്തേതിൽ നിന്നുവ്യത്യസ്തമായി സ്കൂളുകളിൽ ഡിവിഷനുകൾ വർദ്ധിക്കുകയും അതുവഴി അധ്യാപക തസ്തികകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ സ്കൂളുകൾ തുറന്നതിനു ശേഷം മാത്രം സ്റ്റാഫ് ഫിക്സേഷൻ നടത്തിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എന്നുതുറക്കുമെന്ന് കൃത്യമായി പറയാനും കഴിയുന്നില്ല.

പലരും പ്രായപരിധി കഴിഞ്ഞവർ ......

പുതുതായി ഈ തസ്തികയ്ക്കു വേണ്ടി നോട്ടിഫിക്കേഷൻ വന്നിട്ടില്ല. നോട്ടിഫിക്കേഷൻ വന്നാൽ തന്നെയും പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞു പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരാൻ കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വർഷമെങ്കിലും വേണ്ടിവരും. ഇനിയൊരു പി. എസ്.സി പരീക്ഷ എഴുതാൻ കഴിയാത്ത വിധം പ്രായപരിധി കഴിഞ്ഞ പലരും നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉണ്ട്. സമീപ ദിവസങ്ങളിൽ കാലഹരണപ്പെടുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാകാതിരിക്കാൻ കഴിഞ്ഞ വർഷത്തെ സ്റ്റാഫ് ഫിക്സേഷന്റെ അടിസ്ഥാനത്തിലുള്ള ഒഴിവു വിവരം വകുപ്പ് മേധാവികൾ മുഖേന പി.എസ്.സിയെ അറിയിക്കണമെന്ന് ഗവണ്മെന്റ് സർക്കുലറിൽ പറയുന്നു. എന്നാൽ ഈ സർക്കുലർ നോക്കുകുത്തി മാത്രമാണത്രെ.

നിവേദനവുമായി ഉദ്യോഗാർത്ഥികൾ

കണ്ണൂർ ജില്ലയിലെ എച്ച്.എസ്.എ ഹിന്ദി റാങ്ക് ലിസ്റ്റിന്റെ കാലാവധി അസാധാരണ സാഹചര്യം പരിഗണിച്ച് ഒരു വർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.