കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുമുറ്റത്തും ഒഴിവുള്ള സ്ഥലങ്ങളിലും കൃഷി ചെയ്യാനായി കൃഷിവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് വിതരണം ചെയ്ത വിത്തുകൾക്കും തൈകൾക്കും ഗുണനിലവാരമില്ലെന്ന് ആക്ഷേപം. ലോക്ക് ഡൗണിന്റെ ആദ്യനാളുകളിൽ തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും മേൽനോട്ടത്തിലാണ് വിത്തുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. തടമെടുത്തു നട്ടപ്പോൾ എല്ലാം കിളിർത്തുവന്നെങ്കിലും ആവശ്യത്തിന് വളം ചേർത്തിട്ടും കാര്യമായ ഉൽപാദനമില്ലാതെ നീണ്ടുവളരുക മാത്രമാണ് ഉണ്ടായതെന്നാണ് പലരുടെയും വാദം.

വെണ്ട, തക്കാളി, പയർ തുടങ്ങി മിക്ക വിളകളുടെ കാര്യത്തിലും ഇതായിരുന്നു അനുഭവം. ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾക്കിടയിലും പലരും ജൈവവളങ്ങൾ സംഘടിപ്പിച്ച് പച്ചക്കറി കൃഷിക്ക് നൽകിയിരുന്നു. അതിനു കാര്യമായ ഫലം കാണാതിരുന്നപ്പോൾ പിന്നീട് രാസവളം ചേർത്തവരുമുണ്ട്. പക്ഷേ തൈകൾ വളർന്നുവന്നു എന്നല്ലാതെ കായ്ഫലമുണ്ടായത് വളരെ കുറവാണെന്ന് എല്ലാവരും പറയുന്നു. കൃഷിഭവനുകളിൽ നിന്നും നേരിട്ട് വിതരണം ചെയ്ത മുളപ്പിച്ച തൈകളുടെ കാര്യത്തിലും മിക്കവാറും ഇതുതന്നെയായിരുന്നു അവസ്ഥ.

ലോക്ക് ഡൗൺ കാലത്ത് എല്ലാവരെയും കൃഷിയിലേക്ക് ആകർഷിക്കാൻ വിപുലമായ പ്രചാരണ പരിപാടികളോടെയാണ് പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണം നടന്നത്. ഇത്രയും ബൃഹത്തായ ഒരു പദ്ധതിയിലേക്ക് വിപുലമായ രീതിയിൽ വിത്തുകൾ സമാഹരിക്കുന്നതിനായി കൃഷിവകുപ്പ് ചുമതലപ്പെടുത്തിയ ഏജൻസികൾ സാധാരണഗതിയിൽ ഉപേക്ഷിക്കപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ വിത്തുകൾ എത്തിച്ചുനൽകിയതാകാമെന്നാണ് സംശയം.