krishnan-nair
കലാമണ്ഡലം കൃഷ്ണൻനായർ(ഫയൽചിത്രം)

കണ്ണൂർ :കഥകളിക്കുവേണ്ടി ജീവിതം സമർപ്പിച്ച മഹാപ്രതിഭ അണിയറയിലേക്ക് മറഞ്ഞ് നാളേക്ക് മുപ്പത് വർഷം. കളിയരങ്ങിൽ പച്ചയും കരിയും കത്തിയും മിനുക്കുമായി ആയിരക്കണക്കിന് വേദികളിൽ തിളങ്ങിയ കൃഷ്ണൻനായർ തങ്ങളുടെ നാട്ടുകാരനാണെന്ന് ചെറുതാഴത്തെ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല.

ചെറുതാഴത്തെ വാരണക്കോട്ടില്ലത്തിന്റെ കീഴിലെ കഥകളിയോഗത്തിലായിരുന്നു പഠനം. അവിടെ നിന്ന് കിട്ടിയ സഹായം കൊണ്ടാണ് തുടർപഠനങ്ങൾ പൂർത്തീകരിച്ചത്. വള്ളത്തോൾ കലാമണ്ഡലം തുടങ്ങിയപ്പോൾ വാരണക്കോട് കൃഷ്ണൻ അവിടെയെത്തി. വടക്കൻ ചിട്ടയിൽ തെളിഞ്ഞ ശേഷമായിരുന്നു ഗുരു കുഞ്ചുക്കുറുപ്പിന്റെയും പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെയും ശിഷ്യനാവാൻ കൃഷ്ണൻ എത്തിയത്. കലാമണ്ഡലത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഈ വിദ്യാർത്ഥി പുറത്തിറങ്ങിയപ്പോൾ കലാമണ്ഡലം കൃഷ്ണൻ നായർ എന്ന പേരിലുള്ള ഒരു മഹാനടൻ പിറവിയെടുക്കുകയായിരുന്നു.

വളരെവേഗം കഥാപാത്രമാകാനുള്ള കഴിവ്, ഭാവ രസങ്ങളുടെ ദീപ്തമായ അവതരണം എന്നിവ കൃഷ്ണൻ നായരെ വ്യത്യസ്തനാക്കി. പച്ചയിലും മിനുക്കിലുമായിരുന്നു പ്രാഗത്ഭ്യം. നളചരിതത്തിലെ നളൻ, ബാഹുകൻ, നിവാത കവച കാലകേയ വധത്തിൽ അർജുനൻ, രുഗ്മാംഗദ ചരിതത്തിലെ രുഗ്മാംഗദൻ, പൂതനാമോക്ഷത്തിലെയും കിർമ്മീര വധത്തിലെയും ലളിതമാർ, സന്താനഗോപാലത്തിലെ കുന്തി തുടങ്ങി കൃഷ്ണൻ നായരുടെ വേഷത്തികവ് നിരവധിയാണ്. മാണി മാധവ ചാക്യാരുടെ കീഴിലുള്ള കണ്ണ് സാധകവും ഗുരുകുഞ്ചുക്കുറുപ്പിന്റെ കീഴിലുള്ള മുഖഭിനയ പഠനവും, ഭാവരസമുഖരാഗ പരിചയവുമാണ് കൃഷ്ണൻ നായരെ മികച്ച നടനാക്കിയത്.

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പ്രമുഖ ചലച്ചിത്രനാടക നടൻ കലാശാല ബാബു , നാട്യകലാരത്നം കല വിജയൻ, ശ്രീദേവി രാജൻ എന്നിവർ മക്കളാണ്.1970ൽ ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കേന്ദ്രകേരള സാഹിത്യ നാടക അക്കാദമി പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1990 ആഗസ്റ്റ് 15നായിരുന്നു കലാമണ്ഡലം കൃഷ്ണൻ നായരുടെ അന്ത്യം.

അനുസ്മരണ സെമിനാർ നാളെ

മണ്ടുർ പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് ചെറുതാഴത്ത് കലാമണ്ഡലം കൃഷ്ണൻനായർ അനുസ്മരണ വെബിനാർ നടക്കും.. വൈകിട്ട് 7..30ന് നടക്കുന്ന വെബിനാർ ടി..വി.. രാജേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്യും..വി.. കലാധരൻ അനുസ്മരണ പ്രഭാഷണം നടത്തും. ഓർമ്മകളിലെ അച്ഛൻ എന്ന വിഷയത്തിൽ മകൾ കല വിജയൻ സംസാരിക്കും.