പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ എരിപുരത്ത് പ്രവർത്തിക്കുന്ന മാടായി വില്ലേജ് ഓഫീസിൽ എന്തെങ്കിലും ഒരാവശ്യത്തിന് എത്തണമെങ്കിൽ ആരുമൊന്ന് വിയർക്കും. കെ.എസ്.ടി.പി റോഡിൽ നിന്ന് രണ്ട് മീറ്റർ വീതിയിലുള്ള ചെങ്കുത്തായ ചരൽ റോഡിലൂടെ വേണം വില്ലേജ് ഓഫീസിലേക്ക് പ്രവേശിക്കാൻ. മഴയായാലും വെയിലായാലും ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ വീഴ്ച ഉറപ്പാണ്. ഇങ്ങനെ വീണ് പലർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും നിരവധി തവണ ഇവിടെ അപകടത്തിൽപ്പെട്ടു. ഇതേതുടർന്ന് ചരൽ റോഡ് ടാർ ചെയ്യുവാൻ പഞ്ചായത്തിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
കെ.എസ്.ടി.പി റോഡ് നിർമ്മാണത്തോട് അനുബന്ധിച്ച് സമീപത്തെ പോക്കറ്റ് റോഡുകൾ ടാർ ചെയ്‌തെങ്കിലും വില്ലേജ് ഓഫീസിലേക്കുള്ള റോഡിനെ അവഗണിച്ചു. പ്രധാന റോഡിൽ നിന്ന് ഉൾഭാഗത്തുള്ള വില്ലേജ് ഓഫീസിലേക്കുള്ള സൂചന ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.
പതിമൂന്ന് വർഷം മുൻപ് പഴയ കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിർമ്മിച്ചെങ്കിലും വിസ്തൃതിയിലും ജനസംഖ്യയിലും വലിയ ഗ്രാമം ആയ മാടായിയുടെ ഗ്രാമ കാര്യാലയം ഏറ്റവും ചെറുതാണ്. രണ്ടു മുറികൾ ഉള്ള കെട്ടിടത്തിൽ ചെറിയ മുറി വില്ലേജ് ഓഫീസറുടേതും അടുത്ത മുറിയിൽ നാല് ജീവനക്കാർക്കുള്ള മേശയും കസേരയും കൂടെ ഫയലുകൾ സൂക്ഷിക്കുന്ന അലമാരകളുമുണ്ട്. ജീവനക്കാർക്ക് നിന്ന് തിരിയുവാനുള്ള സ്ഥലമില്ലാതെ അവരും ദുരിതത്തിലാണ്. ഇപ്പോൾ ആകട്ടെ കെട്ടിടം ചോർന്നൊലിക്കുന്നുമുണ്ട്. ഇലക്ട്രിക് സംവിധാനവും താറുമാറായ സ്ഥിതിയിലാണ്.
മാടായിയെ വിഭജിക്കണം
കൂടുതൽ ആളുകൾ ഉൾപ്പെടുന്ന വില്ലേജ് ആയതിനാൽ പരിധി വിഭജിക്കണം എന്ന ആവശ്യവും ശക്തമാണ്. സ്വന്തം പഞ്ചായത്തിൽ അല്ലാതെ അടുത്ത ഏഴോം പഞ്ചായത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത് എന്ന അപൂർവ്വ പ്രത്യേകതയുമുണ്ട്. പയ്യന്നൂർ താലൂക്കിൽ ഏറ്റവും കൂടുതൽ നികുതി പിരിക്കുന്ന വില്ലേജ് ഓഫീസാണിത്. പതിനഞ്ചു സെന്റ് സ്ഥലത്തുള്ള നിലവിലെ കെട്ടിടത്തിനോട് അനുബന്ധിച്ച് പുതിയ കെട്ടിടം പണിയാൻ സർക്കാർ 15 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്ന് ഒരു മുറിക്കുള്ള നിർമ്മാണവും ചുറ്റുമതിൽ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
നടുവൊടിഞ്ഞാലും ഒന്നിരിക്കാനാകില്ല
വില്ലേജ് ഓഫീസിൽ എത്തുന്ന വഴി മോശമായതിനാൽ വീണ് നടുവൊടിഞ്ഞാൽ ഒന്നിരിക്കാനുള്ള സൗകര്യവും ഓഫീസിലില്ല. കാലഹരണപെട്ടതും പൊട്ടിപൊളിഞ്ഞതുമായ കസേരകളാണ് വില്ലേജ് ഓഫീസിൽ. ദിനവും നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി വില്ലേജിൽ എത്താറുണ്ടായിരുന്നു. കൊവിഡ് കാരണം ഇപ്പോൾ നിയന്ത്രണങ്ങളുണ്ട്. പ്രായമുള്ളവരും ഇവിടെയെത്തുന്നതാണ്. ഓഫീസിന്റെ ഇടുങ്ങിയ വരാന്തയിൽ ഒരു ബെഞ്ചും രണ്ട് കസേരകളും മാത്രമാണ് ഉള്ളത്. അതാണ് പൊട്ടിയും പൊളിഞ്ഞും കിടക്കുന്നത്. പലരും തറയിലാണ് ഇരിക്കുന്നത്.
ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും വളരെ പ്രയാസപ്പെട്ടാണ് ഇവിടേക്ക് കടന്നുവരുന്നത്. വില്ലേജ് ഓഫീസിലേക്കുള്ള വഴി ടാർ ചെയ്ത് കിട്ടണം.
നാട്ടുകാർ