കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക മെഡലിന് കണ്ണൂർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ അർഹനായി. സംസ്ഥാനത്തെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരാണ് മികച്ച അന്വേഷകർക്കുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെെ പുരസ്കാരത്തിന് അർഹരായത്.
കണ്ണൂർ , കാസർകോട് ജില്ലകളിലെ തെളിയിക്കപ്പെടാത്ത നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ അദ്ദേഹത്തിന്റെ ശാസ്ത്രീയ അന്വേഷണത്തിനുള്ള അംഗീകാരം കൂടിയാണിത്.
2003 ൽ പൊലീസ് സേനയിൽ പ്രവേശനം നേടിയ പ്രേമചന്ദ്രൻ തളിപ്പറമ്പ്, കണ്ണൂർ ടൗൺ, ആലക്കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ എസ്.ഐ ആയി പ്രവർത്തിച്ചു. 2010ൽ പ്രമോഷൻ നേടിയതോടെ തളിപ്പറമ്പ്, നീലേശ്വരം, തലശേരി, ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളിൽ സി.ഐ ആയി ജോലി ചെയ്തു. ജൂൺ മുതൽ കണ്ണൂർ എസ്.എസ് .ബിയിൽ ഡിവൈ.എസ്.പിയായി നിയമിതനായി.
നീലേശ്വരം സി.ഐയായിരിക്കുമ്പോൾ ചെറുവത്തൂർ വിജയാബാങ്ക് കവർച്ചാ കേസ് പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത് ശ്രദ്ധേയനേട്ടമായി. ലോക്കർ കുത്തിത്തുറന്ന് 20 കിലോ സ്വർണം കവർച്ച ചെയ്ത ഒമ്പത് പ്രതികളെയും പിടികൂടാൻ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. തളിപ്പറമ്പിലെ പ്രഭാകരൻ, വായാട് അബ്ദുൾഖാദർ എന്നിവരുടെ കൊലപാതകങ്ങളും സൗമ്യ പ്രതിയായ പിണറായി കൂട്ടക്കൊല കേസും അന്വേഷിച്ചതും പ്രേമചന്ദ്രനായിരുന്നു. കാസർകോട് ചീമേനി സ്വദേശിയാണ്. ടി.വി. ദീപ ഭാര്യയും വിദ്യാർത്ഥിനിയായ ഗൗരികൃഷ്ണ മകളുമാണ്.