തൃക്കരിപ്പൂർ: ടൗണിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. പത്തോളം വന്മരങ്ങൾ ഇത്തരത്തിൽ റോഡിലേക്ക് തള്ളി നിൽക്കുന്നുണ്ട്. ഇതിലൊന്ന് കഴിഞ്ഞ ദിവസത്തെ കാറ്റിൽ തകർന്ന് റോഡിൽ വീണിരുന്നു. തൃക്കരിപ്പൂരിലെ പ്രധാന ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്കായിരുന്നു അന്ന് മരം വീണത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ തൃക്കരിപ്പൂരിൽ 144 ഉം ലോക്ഡൗണുമായതിനാൽ റിക്ഷകളൊന്നും പാർക്കു ചെയ്യാതിരുന്നത് ദുരന്തം ഒഴിവാക്കി.

ഇതിന്റെ കീഴിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ തകർന്നതോടെ വൈദ്യുതി നിലക്കുകയും ചെയ്തിരുന്നു. പത്തോളം ജീവനക്കാർ കനത്ത മഴയത്തും മണിക്കൂറുകളോളമുള്ള അദ്ധ്വാനത്തിന് ശേഷമാണ് അന്ന് വൈദ്യുതി പുനഃസ്ഥാപിച്ചത്. സ്വകാര്യ ആശുപത്രി മുതൽ മത്സ്യ മാർക്കറ്റുവരെയായുള്ള 250 മീറ്റർ റോഡിലുള്ള ഈ മരങ്ങൾക്ക് കീഴിലൂടെയാണ് വൈദ്യുതി ലൈനുകൾ കടന്നു പോകുന്നത്. അത് വലിയൊരു സുരക്ഷാ ഭീഷണിയാണ്.

സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂരിൽ വർഷങ്ങൾക്ക് മുമ്പ് നട്ടുപിടിപ്പിച്ച ഈ കാതലില്ലാത്ത മരം ചെറിയ കാറ്റിൽപ്പോലും ശാഖകൾ തിങ്ങി വീഴുക പതിവാണ്. നിത്യേന നൂറു കണക്കിന് നാട്ടുകാർ നടന്നു പോകുന്ന വഴിയും, കൂലേരി ഗവ. എൽ.പി.സ്കൂളിന്റെ കവാടവും ഇത്തരമൊരു വന്മരത്തിന്റെ ചുവട്ടിലാണെന്നതും ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. കഴിഞ്ഞ വർഷം വരെ ഇത്തരം അപകട സാദ്ധ്യതയുള്ള ശാഖകൾ മുറിച്ചുമാറ്റിയിരുന്നു. എന്നാൽ ഈ വർഷം അത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല.