കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം അതിരു വിട്ടതിനെ തുടർന്ന് അജാനൂർ പഞ്ചായത്തിലെ ഒരു വാർഡ് പൂർണ്ണമായും അടച്ചിട്ടു. പതിനാറാം വാർഡായ കൊളവയലാണ് ഇന്നലെ മുതൽ പൊലീസ് അടച്ചിട്ടത്. ഈ വാർഡിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡായ ഇട്ടമ്മൽ-കൊളവയൽറോഡ്, കൊളവയൽ-കാറ്റാടി റോഡ്, ഇക്ബാൽ അടിമൽ ക്ഷേത്രം റോഡ്, തായൽ കൊളവയൽ റോഡ് എന്നിവയാണ് അടച്ചത്.
ഈ വാർഡിൽ പഞ്ചായത്തംഗം ഉൾപ്പെടെ പത്തു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്ന് സംശയിക്കുന്ന നൂറിലേറെ പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഈ വാർഡിൽ നടന്ന ഒരു വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റൊരു ആവശ്യത്തിനുവേണ്ടി പഞ്ചായത്തംഗവും ഈ വീട്ടിൽ എത്തിയിരുന്നു. ബേക്കലിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വീടുമായി ബന്ധമുള്ള ഒരു സ്ത്രീയും ചടങ്ങിൽ പങ്കെടുത്തിരുന്നുവത്രേ. ഈ സ്ത്രീയിൽ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന് സംശയിക്കുന്നു. വൈറസ് ബാധയിൽനിന്ന് മുക്തമാവും വരെ വാർഡിലേക്കോ അവിടെ നിന്നും പുറത്തേക്കോ ആരെയും കടക്കാൻ അനുവദിക്കുകയില്ലെന്ന് പൊലീസ് പറഞ്ഞു.