തളിപ്പറമ്പ്: കൊവിഡ് പോസിറ്റീവായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പട്ടുവത്തെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ നിരവധി പേർ ഉൾപ്പെട്ടതായി സൂചന. പട്ടുവം പഞ്ചായത്തിലെ പതിമൂന്നാം വാർഡായ വെളിച്ചാംകൂൽ ഇന്നലെ മുതൽ അടച്ചിട്ടിരിക്കുകയാണ്. പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയായ ഇവർക്ക് ജൂലായ് 27 ന് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ച ഇവർ ഇതിന് ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായാണ് പറയുന്നത്.
ഇതിന് ശേഷമാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. ബന്ധുവീടുകളിലും അയൽവാസികളുടെ വീടുകളിലും, കടകളിലും പോയിരുന്നു. യുവതി ഇങ്ങനെ പുറത്തിറങ്ങിയ വിവരം പൊലീസോ ആരോഗ്യ പ്രവർത്തകരോ അറിഞ്ഞതുമില്ല.
26 പേരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അമ്പതോളം പേരുടെ സെക്കൻഡറി കോണ്ടാക്ടും ഉള്ളതായാണ് വിവരം. ഇവർ കയറിയ കടകൾ അടച്ചിടാൻ നിർദ്ദേശം നല്കി. പതിമൂന്നാം വാർഡിന് പുറമെ ഒന്നാം വാർഡായ മുതുകുടയിലെ പോത്തട പ്രദേശവും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആശ്വാസത്തിന് പിന്നാലെ വീണ്ടും ആശങ്ക
പട്ടുവം: പഞ്ചായത്തിലെ ഒരു ആരോഗ്യപ്രവർത്തകയ്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം വീണ്ടും ആശങ്കയിൽ. രോഗം സ്ഥിരീകരിച്ച വെളിച്ചാംകൂൽ പ്രദേശത്ത് അടുത്തടുത്ത് വീടുകളുള്ളതാണ്. നേരത്തെ കൂത്താട്ടും കോടേശ്വരത്തും കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇവരിൽ നിന്ന് സമ്പർക്കത്തിലൂടെ ആർക്കും കൊവിഡ് പടർന്നിരുന്നില്ലെന്നത് ആശ്വാസമായിരുന്നു. സമീപ പഞ്ചായത്തായ ഏഴോത്ത് കൊവിഡ് സമ്പർക്ക രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.