agri

കൂത്തുപറമ്പ്: കാർഷിക മേഖലയിൽ നേട്ടങ്ങൾ കൈവരിച്ച് മാതൃകയായ മാങ്ങാട്ടിടത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത് മികച്ച പ്രവർത്തനങ്ങൾ. 58 ഹെക്ടർ സ്ഥലത്താണ് ഇവിടെ കൃഷിയിറക്കിയത്. പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പഞ്ചായത്തിലെ 9500 കുടുംബങ്ങൾക്ക് പച്ചക്കറി തൈകൾ, വിത്തുകൾ എന്നിവയും ലഭ്യമാക്കി.

കൂടാതെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആയിത്തറ, കണ്ടേരി, കരിയിൽ എന്നീ മൂന്ന് വാർഡുകളിൽ പാഷൻ ഫ്രൂട്ട് കൃഷിയും ആരംഭിച്ചു. 10 പേർ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 100 പാഷൻ ഫ്രൂട്ട് തൈകൾ എന്ന രീതിയിലാണ് വിതരണം ചെയ്തത്. കറിവേപ്പ് ഗ്രാമം എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ കറിവേപ്പ് കൃഷിക്കും തുടക്കമിട്ടിട്ടുണ്ട്. 100 തൈകൾ വീതം രണ്ട് ഗ്രൂപ്പിനും നൽകിയാണ് ഇത് നടപ്പിലാക്കുന്നത്.
ഇതിന് പുറമെ വിവിധ കൂട്ടായ്മകൾ വഴി പപ്പായ കൃഷിയും ആരംഭിച്ചിട്ടുണ്ട്. 150 തൈകൾ ആണ് ഒരു കൂട്ടായ്മയ്ക്ക് നൽകിയത്. വ്യക്തിഗതമായി കൃഷി ചെയ്യുന്നതിനായി മുരിങ്ങ തൈകളും വിതരണം ചെയ്തു.


ഒരു വീട്ടിൽ മൂന്ന് വാഴക്കന്ന്

ഒരു വീട്ടിൽ മൂന്ന് വാഴക്കന്ന് എന്ന രീതിയിൽ വാഴകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും കൂട്ടായ്മയിലൂടെയാണ് പഞ്ചായത്ത് നിവാസികൾ പച്ചക്കറി കൃഷിയും ചെയ്തു. 17 അംഗങ്ങളുള്ള വട്ടിപ്രത്തുള്ള സുലഭ ക്ലസ്റ്റർ, 10 അംഗങ്ങൾ ഉൾപ്പെടുന്ന ആറങ്ങാട്ടേരി മരതകം കൂട്ടായ്മ എന്നിവ‌ർ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുത്തു. നാല് വിപണന കേന്ദ്രങ്ങൾ വഴിയും ആകാശവാണിയുടെ കൈമാറ്റം ഗ്രൂപ്പ് വഴിയുമാണ് പച്ചക്കറികൾ വിൽപന നടത്തിയത്. രണ്ട് ലക്ഷത്തോളം രൂപയുടെ വിറ്റുവരവും ലഭിച്ചു. പഞ്ചായത്തിൽ വട്ടപ്പാറ മുതൽ കപ്പണ വരെ പാതയോരത്ത് രണ്ട് കിലോമീറ്റർ ദൂരത്തിൽ നെല്ലും കൃഷി ചെയ്യുന്നുണ്ട്.


സംയോജിത കൃഷിക്ക് 24 യൂണിറ്റ്
പഞ്ചായത്തിന്റെ നേതൃത്വത്തിൽ 24 യൂണിറ്റുകളായി സംയോജിത കൃഷിയും ആരംഭിച്ചു. പശു, മത്സ്യം, തേനീച്ച, അസോള എന്നിവയാണ് ഈ രീതിയിൽ ഉൾപ്പെടുന്നത്. ഒമ്പതു ലക്ഷത്തോളം രൂപയുടെ പദ്ധതിയാണിത്. ഇത്തരത്തിൽ വിവിധ കാർഷിക പദ്ധതികളിലൂടെ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളെയും കാർഷിക മേഖലയിലേക്ക് കൊണ്ടുവരാൻ പഞ്ചായത്തിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.

കൃഷിയിറക്കിയത് 58 ഹെക്ടറിൽ

കരനെൽ 17 ഹെക്ടർ

പച്ചക്കറി ഏഴ് ഹെക്ടർ

വാഴ 13 ഹെക്ടർ

ഇഞ്ചി, മഞ്ഞൾ 11 ഹെക്ടർ