തളിപ്പറമ്പ്: റേഡിയേഷൻ അത്യാവശ്യമായ രോഗികളെ തലശേരിയിലെ മലബാർ കാൻസർ സെന്ററിലേക്ക് അയയ്ക്കുമെന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ. ഇവിടുത്തെ ടെലിതെറാപ്പി യൂണിറ്റ് നിശ്ചലമായതോടെ നൂറുകണക്കിന് കാൻസർ രോഗികൾക്ക് റേഡിയേഷൻ നിലച്ചത് രോഗികളെ ബാധിക്കാതിരിക്കാനാണ് പകരം സൗകര്യം ഏർപ്പെടുത്തിയതെന്നും സർക്കാറിൽ നിന്ന് ഉത്തരവ് കിട്ടിയാൽ ഉടൻതന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഇവർ വ്യക്തമാക്കി.

തകരാറിലായ 21 വർഷം പഴക്കമുള്ള മെഷീൻ മാറ്റി അഡ്വാൻസ്ഡ് ടെക്‌നോളജി മെഷീനായ ലിനാക് മെഡിക്കൽ കോളേജിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടാൻ കാലതാമസം വരാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ളത് അടിയന്തര അറ്റകുറ്റപ്പണി ചെയ്ത് പ്രശ്ന പരിഹാരം കാണാൻ ഒരുങ്ങുകയാണ് അധികൃതർ.

കാൻസർ രോഗികൾക്ക് ഏറ്റവും അത്യാവശ്യമായ റേഡിയോതെറാപ്പി മെഷീൻ ആണ് തകരാറിലായത്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്നുള്ള പാവപ്പെട്ട നിരവധി കാൻസർ രോഗികളാണ് ഇതുകാരണം റേഡിയേഷൻ ചികിത്സ നടത്താനാവാതെ ദുരിതത്തിലായത്.