കാസർകോട്: കൊവിഡ് വ്യാപനത്തിൽ അതിർത്തികൾ അടച്ചിട്ടപ്പോൾ ഒറ്റപ്പെട്ട ദേലംപാടി ഗ്രാമത്തിലേക്ക് കേരളത്തിൽ നിന്നുള്ള ഏക റോഡ് പരപ്പ - മയ്യള വനപാത പ്രവൃത്തി ഉദ്‌ഘാടനം ഇന്നു നടക്കും. എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷവും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 25 ലക്ഷവും ചേർത്ത് 1.6 കി.മീ കോൺക്രീറ്റ് റോഡാണ് നിർമിക്കുക. വനം മന്ത്രി കെ.ടി. രാജു ഓൺലൈൻ മുഖേന പ്രവൃത്തി ഉദ്‌ഘാടനം ചെയ്യും.
റിസർവ് വനങ്ങളും കർണാടക സംസ്ഥാനവും ചുറ്റപ്പെട്ട് കിടക്കുന്ന ദേലംപാടി പഞ്ചായത്തിലെ ദേലംപാടി വില്ലേജിലെ 1456 കുടുംബങ്ങൾക്ക് ഇതോടെ മെച്ചപ്പെട്ട യാത്രാസൗകര്യമാകും. കർണാടക സംസ്ഥാനത്തിന്റെ അധീനതയിലുള്ള റോഡാണ് പ്രധാന കേന്ദ്രങ്ങളിലേക്കും തിരിച്ചു വീട്ടിലെത്താനും ദേലംപാടിക്കാർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ വഴികളിലൂടെ ദേലംപാടിയിലെത്താൻ കർണാടകയുടെ കാരുണ്യം കൂടി വേണം. അതോടെ കേരളത്തിന്റെ സ്വന്തം വഴിയായ പരപ്പ - മയ്യള വനപാത റോഡ് മാത്രം ആശ്രയിക്കേണ്ടി വന്നു.
മലബാർ പാക്കേജിൽ 3.30 കോടി ചെലവിൽ ദേലംപാടി മുതൽ പരപ്പ വരെ പുതിയ റോഡ് നിർമിച്ചിരുന്നു. എന്നാൽ പരപ്പ സംസ്ഥാന പാതയിൽ നിന്നുള്ള 1.6 കിമീ വനംവകുപ്പ് അനുമതി നൽകാത്തതിനാൽ അത്രയും ഭാഗം പൂർത്തിയാക്കാനായില്ല. റോഡിന് വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് കെ. കുഞ്ഞിരാമൻ എം.എൽ.എ നിരന്തര ശ്രമം നടത്തിയിരുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ ഇടയ്ക്ക് മാറിയത് അനുമതി യഥാസമയം ലഭിക്കുന്നതിനും തടസ്സമായി. പഞ്ചായത്ത് അപേക്ഷിച്ച് അനുമതിക്ക് കാത്തിരിക്കുമ്പോഴാണ് അടച്ചുപൂട്ടലിൽ ദേലംപാടി ഒറ്റപ്പെട്ടത്. ഇതോടെ മുഖ്യമന്ത്രി, വനംമന്ത്രി, അനുമതി നൽകേണ്ട സംസ്ഥാന നോഡൽ ഓഫീസർ ബെന്നിച്ചൻ തോമസ് എന്നിവർക്ക് എം.എൽ.എ കത്തു നൽകി. തുടർന്ന് വർഷങ്ങളായി ഉപയോഗിക്കുന്ന റോഡ് 1980 ഫോറസ്റ്റ് കൺസേർവഷൻ ആക്റ്റ് പ്രകാരം എം.എൽ.എയുടെ കത്തിൽ ആവശ്യപ്പെട്ടതനുസരിച്ച് അനുമതി നൽകാൻ പ്രിൻസിപ്പൽ സി.സി.എഫ് കാസർകോട് ഡി.എഫ്.ഒയ്ക്ക് നിർദേശം നൽകുകയായിരുന്നു.