ഇരിട്ടി: ബുധനാഴ്ച ഇരിട്ടി മേഖലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്. താലൂക്ക് ആശുപത്രി യുമായി ബന്ധപ്പെട്ടവരും അവരുടെ ബന്ധുക്കൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിൽ കിടത്തി ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം പകർന്നവരുടെ എണ്ണം പതിനഞ്ചായി ഉയർന്നു.
നഗരസഭയിലെ എടക്കാനം നാലാം വാർഡിലെ ഒരു കുടുബത്തിലെ പിതാവിനും അമ്മയ്ക്കും മകനും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവർ ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സക്ക് എത്തിയിരുന്നു. പായം പഞ്ചായത്തിലെ പതിനെട്ടാം വാർഡ് ഉദഗിരിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ നാലു വയസ് കാരനും അമ്മക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് .
കൂടാതെ ടൗൺ ഒൻപതാം വാർഡിൽ സൗദിയിൽ നിന്നും വന്ന 25 വയസുള്ള യുവതിക്കും പുന്നാട് പതിനേഴാം വാർഡിൽ ബംഗളൂരുവിൽ നിന്നും വന്ന എട്ടു വയസുകാരനും, പതിനാറാം വാർഡിൽ അരുണാചൽ പ്രദേശിൽ നിന്നും വന്ന 23 കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ല എന്നാണ് അറിയുന്നത്.
കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കൂടാളി സ്വദേശിയായ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മേഖലയിൽ ആശങ്കക്കിടയാക്കുന്നുണ്ട്. ഡോക്ടർ ഉൾപ്പെടെ ആറുപേർ നിരീക്ഷണത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1,2, 3, 4,9 തീയതികളിൽ ചികിത്സക്കെത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തില്ലങ്കേരി പഞ്ചായത്തിലും ബുധനാഴ്ച 3 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കങ്ങളില്ലാത്തതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഭാഷ് അറിയിച്ചു.