കാഞ്ഞങ്ങാട്: കൊവിഡ് ബോധവത്ക്കരണത്തിൽ വേറിട്ട ശൈലിയുമായി എത്തിയ 'മൊട്ടൂസ്" സംപ്രേക്ഷണത്തിൽ അമ്പത് എപ്പിസോഡുകൾ പിന്നിടുന്നു. ഇതുമായി ബന്ധപ്പെട്ട ആഘോഷം ഇന്ന് നടക്കും. മടിക്കൈ 2 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ ഒന്നാം ക്ലാസുകാരൻ ദേവരാജാണ് യൂട്യൂബ് ചാനലിൽ മൊട്ടൂസായി അരങ്ങ് തകർത്തത്. കാഞ്ഞിരപ്പൊയിൽ ഹൈസ്കൂൾ അദ്ധ്യാപകൻ കെ.വി രാജേഷിന്റെയും മടിക്കൈ കക്കാട്ടെ റീജയുടെയും മകനാണ് ദേവരാജ്.
മാസ്ക് ഉപയോഗിക്കേണ്ട ആവശ്യകത, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയവ പ്രമേയമാക്കിയാണ് മൊട്ടൂസ് എന്ന കഥാപാത്രമായി ദേവരാജ് യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. കുട്ടിയുടെ ഈ പ്രവർത്തനം മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനത്തിനും ഇടയാക്കി. യുട്യൂബ് ചാനൽ വഴി 25000പേർ വീക്ഷിക്കുകയും ,സന്ദേശങ്ങൾ എത്തിക്കുന്നതിനും ഈ ഒന്നാം ക്ലാസുകാരന് കഴിഞ്ഞു.
പിതാവ് സിമന്റ് പാഴ്വസ്തുക്കൾ ,കല്ല് തുടങ്ങിയവ കൊണ്ട് നിർമ്മിച്ച ശിൽപ്പോദ്ധ്യാനമാണ് ലൊക്കേഷൻ. ,ക്യാമറയും ,എഡിറ്റിംഗും സംവിധാനവും പിതാവെങ്കിൽ രചന നിർവ്വഹിക്കുന്നത് അമ്മ റീജയാണ്. സഹോദരി ദേവിക രാജ് സഹായവുമായി ഒപ്പമുണ്ട് . 25 എപ്പിസോഡ് പൂർത്തിയായവേളയിൽ തന്റെ കൊച്ചു കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ദേവരാജ് മാതൃകതീർത്തിരുന്നു.