കാഞ്ഞങ്ങാട്: സുഭിക്ഷ കേരളം പദ്ധതിയിൽ ജില്ലയിൽ പുതുതായി ആരംഭിച്ചത് 448.22 ഹെക്ടർ നെൽക്കൃഷി. 52 ഹെക്ടറിലാണ് പച്ചക്കറി കൃഷി. 13. 4 ഹെക്ടറിൽ പയർ കൃഷി നിറഞ്ഞു. 331 ഹെക്ടറിൽ കിഴങ്ങുവർഗ വിളകളും. കപ്പയും മധുരക്കിഴങ്ങും ചേമ്പും ചേനയും നാട്ടിലാകെ നിറയുന്നതോടെ പദ്ധതി അതിജീവനത്തിന്റെ മാതൃകയായി.
ആറു ഹെക്ടറിൽ ചെറു ധാന്യങ്ങൾ കൃഷി ചെയ്യുന്നുണ്ട്. 36 ഹെക്ടറിൽ വാഴയും മറ്റു ഫലവൃക്ഷങ്ങളും നട്ടു. ഇതുവരെയില്ലാത്ത ഒത്തൊരുമയും കരുതലുമാണ് നാട് കാഴ്ചവച്ചത്. അന്യദേശങ്ങളിലെ പച്ചക്കറിയെയും ധാന്യങ്ങളെയും ആശ്രയിച്ച് ഇനിയുള്ള കാലം മുന്നോട്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവ് ജനങ്ങളെ ഉണർത്തി. 2000 മീറ്റർ സ്ക്വയർ വിസ്തൃതിയിൽ 21 മഴ മറകൾ പൂർത്തിയായി. 20 എണ്ണത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു. ഈ മാസം 20നകം പണി പൂർത്തിയാകും. തുടർച്ചയായി പെയ്ത മഴ പച്ചക്കറികളുടെ കുമിൾ രോഗബാധയ്ക്ക് കാരണമായിട്ടുണ്ട്. വെള്ളരിവർഗ കൃഷിക്കാണ് ഇത് സാർവത്രികമായി കാണുന്നത്. വിഷരഹിത കൃഷി ജില്ലയിൽ തുടരുന്നതിനാൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തടം തീർക്കണമെന്ന് കൃഷി വിദഗ്ധർ അറിയിച്ചിട്ടുണ്ട്.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. വീണാറാണിയുടെ നിർദ്ദേശാനുസരണമാണ് സുഭിക്ഷ കേരളം പദ്ധതി ജില്ലയിൽ വിജയക്കുതിപ്പിൽ നീങ്ങുന്നത്.