കണ്ണൂർ: കേരളത്തിലെ പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് അലങ്കാര രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിനാളുകൾ കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കേരളത്തിലെ ജനപ്രതിനിധികൾക്കും എം.പി മാർക്കും, രാജ്യസഭ എം.പിമാർക്കും കേന്ദ്രസഹമന്ത്രിമാരുൾപ്പെടെയുള്ളവർക്കും നാളെ നൽകുമെന്ന് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഉടമകൾ സാംസ്കാരിക ക്ഷേമനിധി ബോർഡിലും തൊഴിലാളികൾ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ളിഷ്മെന്റ് ക്ഷേമനിധിയിലും അംഗങ്ങളാണ്. ഉടമകളിൽ മൂവായിരത്തോളം പേർക്ക് 4,000 രൂപയും വിരലിലെണ്ണാവുന്ന തൊഴിലാളികൾക്ക് 2,000 രൂപ വീതവും സർക്കാർ സഹായം ലഭിച്ചിരുന്നു. പണി ഇല്ലാതെ വീട്ടിലിരിക്കുന്ന തൊഴിലാളികളെ പിടിച്ചുനിർത്തണമെങ്കിൽ അവരെ സാമ്പത്തികമായി ഉടമകൾ സഹായിക്കണം. എന്നാൽ സർക്കാർ നൽകിയ തുച്ഛമായ പണംകൊണ്ട് എന്തു ചെയ്യാൻ എന്നാണ് ഉടമകൾ ചോദിക്കുന്നത്. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, വാഹനങ്ങൾക്ക് 2020 വർഷത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ അഞ്ചിന ആവശ്യങ്ങളുൾപ്പെടുന്ന നിവേദനമാണ് നൽകുന്നത്. വാർത്താസമ്മേളനത്തിൽ പി .പി. പ്രകാശ് കുമാർ, എ.വി. ബാബുരാജ്, പി.കെ മുസ്തഫ എന്നിവർ സംബന്ധിച്ചു.