തലശ്ശേരി: കേരളത്തിന്റെ ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമായ തരത്തിൽ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും സംയുക്തമായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ട്രാൻസ് ഗ്രിഡ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് . ഉത്തര മലബാർ മേഖലയിലെ പ്രസരണ ശൃംഖലയുടെ സമഗ്ര വികസനത്തിനായി നിലവിലുള്ള ലൈനുകൾ നവീകരിച്ച് ശേഷി വർദ്ധിപ്പിക്കുന്നതിന്റെയും പുതിയ സബ്സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെയും ഭാഗമായി തലശ്ശേരിയിൽ അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന 220 കെ .വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം 17 ന് ഉച്ചകഴിഞ്ഞ് 3 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
പ്രസരണ മേഖലയിലെ മറ്റ് 13 സബ്സ്റ്റേഷനുകളുടെ പ്രവർത്തനോദ്ഘാടനത്തിനൊപ്പം വീഡിയോ കോൺഫറൻസിലൂടെയാണ് തലശ്ശേരി സബ്സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനവും നിർവ്വഹിക്കുക. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കും.
ചെലവ് 66.64 കോടി
കിഫ്ബി സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന സബ്സ്റ്റേഷനിൽ 100 എം.വി.എ ശേഷിയുള്ള രണ്ട് 220/110 കെ.വി ട്രാൻസ്ഫോർമറുകളും 20 എം.വി.എ ശേഷിയുള്ള രണ്ട് 110/11കെ വി ട്രാൻസ്ഫോർമറുകളുമാണ് സ്ഥാപിക്കുക. ചെലവ് കണക്കാക്കുന്നത് 66.64 കോടിയാണ്.