photo
കാണാതായ വി.കെ.വി.നാരായണൻ

പഴയങ്ങാടി: വെങ്ങരയിലെ കോൺഗ്രസ് നേതാവും മാടായി സർവീസ് സഹകരണ ബാങ്ക് റിട്ട. മാനേജരും, മാടായി ക്ഷീര വ്യവസായ സംഘം പ്രസിഡന്റുമായിരുന്ന വി.കെ.വി. നാരായണന്റെ തിരോധാനത്തിന് ഇനിയുമൊരു ഉത്തരമായില്ല. 2009 ഏപ്രിൽ പത്തിന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ നാരായണനെ പിന്നെ ആരും കണ്ടിട്ടില്ല. ക്ഷേത്ര കാര്യങ്ങളിൽ തല്പരനായ ഇദ്ദേഹം തികഞ്ഞ ദൈവ വിശ്വാസിയായിരുന്നു. ഗൃഹനാഥന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച് കണ്ണീരുമായി പേരമക്കൾ അടങ്ങിയ കുടുംബം കാത്തിരിക്കുയാണ്.

പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന് ശേഷമാണ് നാരായണൻ നാടുവിടുന്നത്. തന്റെ കൈപ്പടയിൽ ഒരു കത്തും എഴുതിവച്ചാണ് നാടുവിട്ടത്. കത്തിലെ വാചകം ഇങ്ങനെയാണ്"കഴിഞ്ഞ രണ്ട് മാസമായി ഞാൻ വല്ലാത്ത മാനസിക സംഘർഷത്തിലാണ്. എന്നെ ഏതോ ബാഹ്യശക്തി മരണത്തിലേക്ക് മാടി വിളിക്കുന്നു. എനിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. ഇത് എന്റെ കുടുംബത്തിന്റെ ദുഃഖത്തിന് കാരണമായി. എനിക്ക് സാമ്പത്തിക ബാധ്യതയില്ല. ക്ഷേത്രത്തിലെ ഒരു രൂപ പോലും ഞാൻ എടുത്തിട്ടില്ല. കളിയാട്ടത്തിന്റെ കണക്കും ബാക്കി തുകയും താക്കോലും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിലെ മകര സംക്രമ കുറിയുടെ പണം എനിക്ക് കിട്ടാനുണ്ട്".

വീട്ടിൽ എത്തി ഭാര്യയോടും മക്കളോടും കളിയാട്ടവുമായി ബന്ധപ്പെട്ട് ചിലർ തന്നെ ചതിച്ചു എന്നും ഞാൻ കളിയാട്ടത്തിന്റെ രക്തസാക്ഷിയായി മാറുകയാണെന്നും പറഞ്ഞതായി മക്കളും പറയുന്നു. മൂകാംബിക, പഴനി തുടങ്ങിയ ഇടങ്ങളിൽ ബന്ധുക്കൾ ഉള്ളതിനാൽ അവിടെയും മറ്റ് തീർത്ഥാടന സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലം ഒന്നും ഉണ്ടായില്ല. തിരോധാനത്തിന്റെ ഉത്തരവാദി കളിയാട്ട കമ്മറ്റിയിലെ ചിലരാണെന്ന ആരോപണം കുടുംബം ഉന്നയിച്ചിരുന്നു. പഴയങ്ങാടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചില സ്ഥലങ്ങളിൽ പോയി അന്വേഷിച്ചു എങ്കിലും യാതൊരു തുമ്പും കിട്ടാത്തതിനാൽ ആ അന്വേഷണവും പാതിവഴിയിലായി.

ഈ വർഷം ഫെബ്രുവരിയിൽ കണ്ണൂർ എസ്.പിക്ക് മകൾ യമുന പരാതി കൊടുത്തുവെങ്കിലും കൊവിഡ് വന്നതോടെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു ചലനവും ഉണ്ടായില്ല. ബാങ്കിൽ ഇദ്ദേഹത്തിന്റെ പേരിൽ നിക്ഷേപം ഉള്ളതായും കുടുംബം പറയുന്നു. പുതിയ ഒരു അന്വേഷണ ഏജൻസിയെ വെച്ച് അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ ആവിശ്യം. ഭാര്യയായ ജാനകിയും മക്കളായ യമുന, അശോകൻ, അനീഷ് കുമാർ, പേരമക്കൾ എന്നിവരാണ് ഇപ്പോഴും അദ്ദേഹത്തെ കാത്ത് കഴിയുന്നത്.