ചെറുവത്തൂർ: കൊവിഡ് പ്രതിസന്ധി നേരിടുന്ന ചെറുവത്തൂർ മേഖലയിലെ ട്രാൻസ് ജെൻഡർ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് തിമിരി സഹകരണ ബാങ്ക് ഭക്ഷ്യധാന്യ കിറ്റ് നല്കി. ഓണത്തിനുൾപ്പെടെ ഒരു മാസത്തേക്ക് ആവശ്യമായ അളവിൽ പതിമൂന്നോളം സാധനങ്ങൾ ഉൾപ്പെട്ട കിറ്റാണ് നല്കിയത്. ഇവരുടെ ഹെല്പ് ലൈൻ സുരക്ഷാ പ്രൊജക്ട് പ്രകാരം നൽകിയ അപേക്ഷ ബാങ്ക് ഭരണസമിതി അതേപടി അംഗീകരിക്കുകയായിരുന്നു. ബാങ്ക് പ്രസിഡന്റ് വി .രാഘവൻ, ഡയറക്ടർമാരായ ടി.പി.രജനി, ഇ.ഗോപാലകൃഷ്ണൻ എന്നിവർ കിറ്റുകൾ വിതരണം ചെയ്തു. ട്രാൻസ്‌ജെൻഡേഴ്സ് നമ്മുടെ സഹോദരങ്ങളാണ്. അവരെ നമ്മോടൊപ്പം ചേർത്ത് നിർത്താം... പട്ടിണി കിടക്കില്ല ആരും ഞങ്ങൾ കൂടെയുണ്ട്...' എന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ആശയം മന്നോട്ടുവെച്ചാണ് തിമിരി ബാങ്ക് പ്രവർത്തിക്കുന്നതെന്ന് പ്രസിഡന്റ് വി. രാഘവനും സെക്രട്ടറി കെ.വി സുരേഷ് കുമാറും പറഞ്ഞു