lockdown

തളിപ്പറമ്പ്: സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് തളിപ്പറമ്പ് മുൻസിപ്പാലിറ്റി പരിധിയിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരാൻ തീരുമാനം. ഇതിന്റെ ഭാഗമായി നഗരത്തിലെ ഇടറോഡുകൾ പൂർണമായി അടച്ചിട്ടു ഓട്ടോ ടാക്സി സർവ്വീസുകൾ നിർത്തലാക്കി നഗരസഭാ പരിധിയിൽ അവശ്യസാധനങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം മാത്രം തുടരും .

തളിപ്പറമ്പിൽ അടച്ചിടൽ ഒരാഴ്ച പിന്നിട്ടിട്ടും രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരസഭ , പൊലീസ് അധികൃതരുടെ സംയുക്ത യോഗത്തിലാണ് ലോക്ക്ഡൗൺ തുടരാൻ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായി അഞ്ച് ദിവസം നഗരസഭാ പരിധിയിൽ പുതിയ രോഗികൾ ഉണ്ടായില്ലെങ്കിൽ മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കേണ്ടതുള്ളു എന്നാണ് പൊലീസ് തീരുമാനം .കൊവിഡ് വ്യാപനം രൂക്ഷമായതോടെ നഗരസഭാ പരിധിയിലെ 34 വാർഡുകളും കണ്ടെയിൻമെന്റ് സോണായായി പ്രഖ്യാപിച്ചു.
ബുധനാഴ്ച്ച നഗരത്തിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനും പാലയാട് സ്വദേശിയായ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത് ഇത് തുടരും.സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. നഗരസഭാ അതിർത്തികളിൽ റോഡിൽ പൊ ലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ പൊ ലീസ് മേധാവി യതീഷ് ചന്ദ്ര തളിപ്പറമ്പിൽ സന്ദർശനം നടത്തി. കൂടുതൽ രോഗബാധിതർ ഉണ്ടാകുന്നില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും വരും ദിവസങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.