പ്രതി ആൽബിനും കൊല്ലപ്പെട്ട സഹോദരി ആൻമേരിയും
വെള്ളരിക്കുണ്ട് (കാസർകോട് ):ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നി - ബെസി ദമ്പതികളുടെ മകൾ ആൻമേരി (16) പത്തു ദിവസം മുമ്പ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തിയ പൊലീസ്, സഹോദരൻ ആൽബിനെ (22) അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടത്തായിയിൽ ആറുബന്ധുക്കളെ വിഷം കൊടുത്ത് അരുംകൊല നടത്തിയകേസിലെ പ്രതി ജോളിയുടെ തന്ത്രത്തെ ഓർമ്മിപ്പിക്കുന്നതാണ് സ്വന്തം കൂടപ്പിറപ്പിനെ വകവരുത്തുകയും മാതാപിതാക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കൊടുംക്രൂരകൃത്യം.
തമിഴ്നാട് കമ്പത്ത് ഐ.ടി.ഐ വിദ്യാർത്ഥിയാണ് ആൽബിൻ.
കുടുംബസ്വത്തായ നാലര ഏക്കർ പുരയിടവും പന്നി വളർത്തൽ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ചിന്തയിൽ മാതാപിതാക്കളെയും സഹോദരിയെയും കൊല്ലാൻ ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.
പിതാവ് ബെന്നി (48) പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നതിനാൽ കുറച്ച് ഐസ്ക്രീം മാത്രം കഴിച്ച മാതാവ് ബെസി നില മെച്ചപ്പെട്ടതോടെ വീട്ടിൽ തിരിച്ചെത്തി.
കൊവിഡ് പരിശോധനയിൽ മാതാപിതാക്കളുടെ സ്രവത്തിൽ വിഷാംശം കണ്ടതും ആൻമേരിയുടെ പോസ്റ്റുമോർട്ടത്തിൽ എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയതുമാണ് തുമ്പായത്.
പന്നി ഫാം നോക്കണം എന്ന് പറഞ്ഞ്, ആരെയും ആശുപത്രിയിൽ കൊണ്ടുപോകാതെ ആൽബിൻ വീട്ടിൽത്തന്നെ തങ്ങുകയായിരുന്നു. അയാൾക്ക് മാത്രം അസുഖവും വന്നില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ച പൊലീസ് അയാളെ നിരീക്ഷണത്തിലാക്കിയിരുന്നു..
ആൻമേരിക്ക് ആഗസ്റ്റ് ഒന്നിനാണ് വയറുവേദന അനുഭവപ്പെട്ടത്.ആദ്യം ഹോമിയോ ഡോക്ടറെയും പിന്നീട് അലോപ്പതി ക്ളിനിക്കിലും കാണിച്ചു. മഞ്ഞപിത്തമാണെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് 4ന് കണ്ണൂർ ചെറുപുഴയിലെ വൈദ്യരുടെ ചികിത്സ തേടി. പിറ്റേന്ന് അവശനിലയിൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.
കേസെടുത്ത ചെറുപുഴ പൊലീസ് ഇൻസ്പെക്ടർ വിനീഷ് കുമാർ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേസ് ഇവരുടെ താമസ സ്ഥലത്തെ വെള്ളരിക്കുണ്ട് പൊലീസിന് കൈമാറുകയായിരുന്നു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ. പ്രേംസദൻ, എസ്. ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ സംഘമാണ് കേസന്വേഷിച്ചത്.
മധുരം പൊതിഞ്ഞ
കൊലപാതകം
1.ഐസ്ക്രീം നൽകുന്നതിന് ഒരാഴ്ച മുമ്പ് എലിവിഷം ഇറച്ചിക്കറിയിൽ കലർത്തി നൽകി. ഫലിച്ചില്ല. ഇന്റർനെറ്റിൽ പരതി വിഷത്തെക്കുറിച്ച് മനസിലാക്കി.
2 ജൂലായ് 29: എലിവിഷം 'റാറ്റോൾ' വാങ്ങി.
3. ജൂലായ് 30: ഐസ്ക്രീം ഉണ്ടാക്കി രണ്ടുപാത്രങ്ങളിലാക്കി. ഒന്ന് ഫ്രീസറിലും മറ്റൊന്ന് വിഷം കലർത്തി പുറത്തും വച്ചു. അച്ഛനും അമ്മയും സഹോദരിയും കഴിക്കുന്നത് നോക്കി നിന്നു.
ജൂലായ് 31: ആൽബിൻ ഒഴികെ എല്ലാവരും കഴിച്ചു.
ആഗസ്റ്റ് 1:വയറുവേദന വന്ന ആൻമേരിക്ക് മഞ്ഞപിത്തം ബാധിച്ചെന്ന് സ്വകാര്യ ആശുപത്രി സൂചിപ്പിക്കുന്നു.
ആഗസ്റ്റ് 2: മാതാപിതാക്കൾ ആശുപത്രിയിലായി. മാതാവ് അന്നുതന്നെ തിരിച്ചെത്തി.പിതാവ് ഗുരുതരാവസ്ഥയിൽ.
ആഗസ്റ്റ്: 4 ആൻമേരിയെ 35 കിലോമീറ്റർ അകലെയുള്ള വൈദ്യരുടെ അടുത്തേക്ക് കൊണ്ടുപോയി.
ആഗസ്റ്റ് 5: ആൻമേരി മരിച്ചു.
ആഗസ്റ്റ് 7: പോസ്റ്റുമോർട്ടം. എലിവിഷമാണ് മരണകാരണമെന്ന് ഡോക്ടർ പൊലീസിനെ അറിയിക്കുന്നു.
ആഗസ്റ്റ് 8: ആൻമേരിയുടെ സംസ്കാരം. പൊലീസ് ആൽബിനെ ബന്ധുവീട്ടിൽ നീരീക്ഷണത്തിലാക്കി.
ആഗസ്റ്റ് 13:അറസ്റ്റ്
ആൽബിന്റെ പ്ളാനിംഗ്
1 അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ആൽബിനെ അച്ഛനും അമ്മയും വഴക്ക് പറയുമായിരുന്നു
2 ഇതേ തുടർന്ന് വീട്ടുകാരെ വകവരുത്താൻ ആൽബിൻ തിരുമാനിക്കുന്നു.ആദ്യ ശ്രമത്തിൽ കോഴിക്കറിയിൽ എലി വിഷം ചേർത്ത് വീട്ടുകാർക്ക് നൽകി
3 എന്നാൽ ആൽബിൻ വിചാരിച്ചത് പോലെയൊന്നും നടന്നില്ല. തുടർന്ന് ഗൂഗിളിൽ തെരഞ്ഞു. എലി വിഷം പഴയതായത് കൊണ്ട് വീര്യം നഷ്ടപ്പെട്ടിരുന്നുവെന്ന് മനസിലാക്കുന്നു
4 പുതിയ എലി വിഷം വാങ്ങി അവസരത്തിനായി കാത്തിരുന്നു. ഐസ് ക്രീം ഉണ്ടാക്കിയപ്പോൾ അതിൽ വിഷം ചേർത്തു
5 തൊണ്ട വേദനയാണെന്ന് പറഞ്ഞ് ആൽബിൻ ഐസ് ക്രീം കഴിച്ചില്ല