പയ്യന്നൂർ: കൊവിഡിനെ തുടർന്ന് സിനിമാലോകം പ്രതിസന്ധിയിലായതുമൂലം ജോലി നഷ്ടപ്പെട്ട് ഇലക്ട്രിക് ജോലിക്കിറങ്ങി ഷോക്കേറ്റ് മരിച്ച ഫെഫ്ക ലൈറ്റ് മെൻ യൂണിയൻ അംഗം കെ.യു. പ്രസാദിന് വിട നൽകി ജന്മനാടും സഹപ്രവർത്തകരും. ഏഴിമല നാവിക അക്കാഡമിയിൽ വച്ച് മരിച്ച യുവാവിന്റെ സംസ്കാരചടങ്ങ് ഇന്നലെ വൈകിട്ടാണ് പൂർത്തിയായത്.
പ്രമുഖ താരങ്ങളായ മോഹൻലാൽ, മമ്മുട്ടി, പ്രഥ്വിരാജ് തുടങ്ങിയ സിനിമാ ലോകത്തെ മിക്ക താരങ്ങളും ഓൺലൈൻ വഴി പ്രസാദിന് ആദരാഞ്ജലികളർപ്പിച്ചിരുന്നു. സഹോദര തുല്യം സ്‌നേഹിച്ചിരുന്ന കൂട്ടുകാരനാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സുരേഷ് പൊതുവാൾ പറഞ്ഞു. പതിനേഴ് വർഷം മുൻപ് രജപുത്ര വിഷ്വൽസിൽ പ്രസാദിന് ജോലി തരപ്പെടുത്തിക്കൊടുക്കാൻ പ്രവർത്തിച്ചത് നാട്ടുകാരൻ കൂടിയായ സുരേഷ് പൊതുവാളായിരുന്നു.
നല്ല ഒരു ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു പ്രസാദ് . രജപുത്ര വിഷ്വൽ മീഡിയ, ഫെഫ്ക, കേരള സിനി ഔട്ട് ഡോർ യൂണിറ്റ് തുടങ്ങി നിരവധി സംഘടനകൾക്കും വ്യക്തികൾക്കും വേണ്ടി റീത്ത് സമർപ്പിച്ചു.
അതിജീവനത്തിനായി മറ്റൊരു തൊഴിലിനിറങ്ങിയ യുവാവിന് ആദ്യം ദിവസം തന്നെയുണ്ടായ ദുരന്തം പയ്യന്നൂർ മഹാദേവ ഗ്രാമത്തിന് നൊമ്പരമായി. നാവിക അക്കാഡമിയിൽ കരാർ കമ്പനിയിൽ ജോലി പൂർത്തിയാക്കി മടങ്ങുന്ന ഘട്ടത്തിലായിരുന്നു അപകടം .പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് മഹാദേവ ഗ്രാമത്തിൽ കൊവിഡ് പ്രോട്ടോകാൾ പാലിച്ച് പൊതുദർശനത്തിന് വച്ചു. ഇതിന് ശേഷം വീട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ കഴിഞ്ഞ് രണ്ട് മണിയോടെ സമുദായ ശ്മശാനത്തിൽ സംസ്‌കരിച്ചു.
മലയാള സിനിമാരംഗത്തെ പ്രശസ്ത ഔട്ട് ഡോർ യൂനിറ്റായ തിരുവനന്തപുരത്തെ രജപുത്ര വിഷ്വൽ മീഡിയയിൽ കഴിഞ്ഞ പതിനേഴ് വർഷമായി ലൈറ്റ്മാനായി ജോലി ചെയ്യുകയായിരുന്നു പ്രസാദ്.എല്ലാവരോടും വളരെ സ്‌നേഹത്തിലും സൗമ്യമായും ഇടപെടുന്ന പ്രസാദ് നാട്ടിലും സിനിമാ മേഖലയിലും ഉളളവർക്കെല്ലാം വളരെ പ്രിയപ്പെട്ടവനായിരുന്നു.