albin

ബളാൽ (കാസർകോട്)​: വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാതെ സദാസമയവും മൊബൈലുമായി സമയം ചെലവഴിച്ചിരുന്ന ആൽബിനെ വീട്ടുകാർ ശകാരിക്കുമായിരുന്നു. പ്രായം കുറഞ്ഞ സഹോദരി ആൻമേരിയും വഴക്കുപറയാൻ തുടങ്ങിയതോടെയാണ് എല്ലാവരെയും കൊന്ന് സ്വത്ത് കൈക്കലാക്കി തന്നിഷ്ടംപോലെ ജീവിക്കാൻ തീരുമാനിച്ചത്.
മാസങ്ങൾക്ക് മുമ്പ് കമ്പത്തെ ഐ.ടി.ഐയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആൽബിൻ കുറച്ചുനാൾ കോട്ടയത്തെ സുഹൃത്തിന്റെ വീട്ടിൽ തങ്ങി ഹോട്ടൽ പണിയിലേർപ്പെട്ടിരുന്നു. ഒന്നര മാസം മുമ്പാണ് ബളാലിലെ വീട്ടിലെത്തിയത്.

എങ്ങനെ കൊലപ്പെടുത്താമെന്ന് ഇന്റർനെറ്റിൽ പരതി. എലിവിഷം ഭക്ഷണത്തിൽ കലർത്തി നൽകിയാൽ രുചിവ്യത്യാസം തിരിച്ചറിയില്ലെന്ന് മനസിലാക്കിയാണ് ആ വഴി തിരഞ്ഞെടുത്തത്. ഇറച്ചിയിൽ കലർത്തി നൽകിയെങ്കിലും പരാജയപ്പെട്ടു. പഴകാത്ത വിഷം വേണമെന്ന് തിരിച്ചറിഞ്ഞതും ഇന്റർനെറ്റിൽ നിന്നാണ്. അങ്ങനെയാണ് പുതിയതു വാങ്ങി പിറ്റേന്നു തന്നെ ഐസ്ക്രീം തയ്യാറാക്കി നൽകിയത്.

ആൻമേരിയും അച്ഛനും ആശുപത്രിയിൽ ആയതോടെ മൂന്നാം ദിവസം എലിവിഷം കലർത്തിയത് അറിയാത്ത അമ്മ ഐസ്‌ക്രീം എടുത്തു മുറ്റത്തു വച്ചശേഷം പട്ടിക്ക് കൊടുക്കാൻ ആൽബിനോട് പറഞ്ഞിരുന്നു. അത് വാഷ് ബേസിനിൽ കൊണ്ടുപോയി കഴുകിക്കളയുകയാണ് ചെയ്തത്.

പൊലീസിന് വഴിതെളിച്ചതും ഇന്റർനെറ്റ്

സംശയ നിഴലിലായ ആൽബിന്റെ ശീലങ്ങളും ചരിത്രവും പഠിച്ച ഇൻസ്‌പെക്ടർ കെ. പ്രേംസദൻ സൈബർ സെല്ലിന്റെ സഹായം തേടി. ഗൂഗിളിൽ വിഷം ചേർത്ത് കൊലനടത്തുന്നതിനെ കുറിച്ച് സെർച്ച് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രതിയെന്ന നിലയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.