ഇരിട്ടി: മേഖലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധ ഉയരുകയും ഇതിൽ ഒരാൾ മരിക്കുകയും ചെയ്തതോടെ ഇരിട്ടി നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമാക്കി. താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിച്ച സമ്പർക്ക രോഗികളുടെ എണ്ണം ഒരാഴ്ചക്കിടയിൽ പതിനെട്ടായി വർദ്ധിച്ചതാണ് മേഖലയെ മുഴുവൻ ആശങ്കയിലാക്കുന്നത്. നഗരസഭയിൽ വ്യാഴാഴ്ച നടന്ന സുരക്ഷാ സമിതി യോഗമാണ് നഗരത്തിലടക്കം കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.

അതേസമയം മാക്കൂട്ടം ചുരം പാതയിലൂടെ യാത്രാ വാഹനങ്ങൾ ഓടിത്തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ഇരിട്ടി വഴി എത്താനുള്ള സാദ്ധ്യതയും യോഗം വിലയിരുത്തി.

താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച് മരിച്ച പടിയൂർ സ്വദേശിയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾക്കൊപ്പം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർക്കും അവരുമായി ബന്ധപ്പെട്ട 18പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. നഗരസഭയിലെ എടക്കാനം വാർഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും പായത്ത് കുടുംബത്തിലെ അഞ്ചുപേർക്കുമാണ് രോഗം ബാധിച്ചത്. പായം പത്താം വാർഡും ഇരിട്ടി നഗരസഭയിലെ നാലാംവർഡും കണ്ടെയിൻമെന്റ് സോണായി അടച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇരിട്ടി ടൗൺ ഉൾപ്പെടുന്ന വാർഡിൽ പഴയപാലത്ത് ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 100മീറ്റർ പ്രദേശം കണ്ടെയ്‌മെന്റ് സോണാക്കി അടച്ചിട്ടു.

യോഗത്തിൽ ചെയർമാൻ പി.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. സരസ്വതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. മോഹനൻ, സെക്രട്ടറി അൻസൽ ഐസക്ക്, സി.ഐ. കുട്ടികൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, എച്ച്.ഐ കെ. കുഞ്ഞിരാമൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനിത തുടങ്ങിയവർ പങ്കെടുത്തു.

സുരക്ഷാ സമിതി ചേ‌ർന്നു

താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച ഒരാൾ മരിക്കുകയും ഇയാളുമായി സമ്പർക്കത്തിലുണ്ടായ മറ്റൊരാൾ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മരിക്കുകയും ചെയ്തതോടെയാണ് വ്യാഴാഴ്ച നഗരസഭയിൽ സുരക്ഷാ സമിതി യോഗം ചേർന്നത്.

ചുരം പാത വഴി വരുന്ന എല്ലാ യാത്രാ വാഹനങ്ങൾക്കും സ്റ്റിക്കർ പതിക്കും

യാത്രക്കാർ അവരുടെ ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ നിരീക്ഷണം

ഇടയ്ക്ക് ഇറങ്ങുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യാൻ പാടില്ല

നഗരം അടച്ചിടുമെന്ന പ്രതീതി ഉണ്ടായെങ്കിലും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. കർശന നിയന്ത്രണത്തിലൂടെ കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എ. കുട്ടികൃഷ്ണൻ,

ഇരിട്ടി സി.ഐ