albin
ഐസ്ക്രീമിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സഹോദരി ആൻമേരിയുടെ മൃതദേഹം സമീപത്തെ പള്ളിയിൽ എത്തിച്ചപ്പോൾ ദു:ഖം അഭിനയിച്ചു നിൽക്കുന്ന പ്രതി ആൽബിൻ (നീല ടീഷർട്ട്)

വെള്ളരിക്കുണ്ട് (കാസർകോട് ): ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നി- ബെസി ദമ്പതികളുടെ മകൾ ആൻമേരിയെ (16) ഐസ്‌ക്രീമിൽ എലിവിഷം ചേർത്തു കൊല്ലുകയും അച്ഛനും അമ്മയ്ക്കും വിഷം നൽകുകയും ചെയ്തതിന് അറസ്റ്റിലായ ആൽബിൻ ബെന്നി (22) കൂട്ടമരണം ആസൂത്രണം ചെയ്തത് അതിവിദഗ്ദ്ധമായിട്ടാണെന്ന് പൊലീസ്. വിഷം നൽകിയ ശേഷം പാവത്താനായി അഭിനയിച്ചു വീട്ടിൽ തന്നെ കഴിഞ്ഞ ആൽബിനെ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം വിദഗ്ദ്ധമായി കുടുക്കുകയായിരുന്നു. ബളാലിൽ തന്നെയുള്ള ബന്ധുവീട്ടിൽ പാർപ്പിച്ച ശേഷം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി ആൽബിന്റെ ഫോൺ കോളുകൾ പരിശോധിക്കുകയും വിഷം ചേർക്കുന്ന വിധം കണ്ടെത്താൻ ഗൂഗിളിൽ തിരഞ്ഞതിന്റെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയുമാണ് കൊല നടത്തിയത് യുവാവ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പിടിയിലായ ആൽബിൻ പൊലീസിന് നൽകിയ മൊഴി ആരെയും നടുക്കുന്നതാണ്. അച്ഛനെയും അമ്മയെയും അനുജത്തിയേയും വിഷം നൽകി കൊന്നതിന് ശേഷം കൂട്ട ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു പ്ലാൻ. കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു, ഈ വീട്ടിൽ ഇനി എനിക്ക് നിൽക്കാൻ കഴിയില്ല അതുകൊണ്ട് നാലേക്കർ റബ്ബർ തോട്ടവും വീടും വിൽക്കുകയാണ്. മറ്റേതെങ്കിലും നാട്ടിൽ പോയി താമസിക്കുകയാണ് എന്ന് പറയാനായിരുന്നു പദ്ധതി തയ്യാറാക്കിയതെന്ന് ആൽബിൻ പൊലീസിന് മൊഴി നൽകി.

anmeri-


വീട്ടിൽ പന്നിയും വളർത്തുമൃഗങ്ങളും ഉള്ളതിനാലാണ് അച്ഛനെയും സഹോദരിയെയും നോക്കാൻ ആശുപത്രിയിൽ പോകാതിരുന്നത് എന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. സംഭവത്തിനു ശേഷം ആൽബിൻ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഐസ്‌ക്രീമിൽ വിഷാംശം കലർന്നതായി സൂചന ലഭിച്ചതിനെ തുടർന്നാണ് യുവാവിന്റെ പെരുമാറ്റത്തിൽ സംശയങ്ങൾ തോന്നിത്തുടങ്ങിയ പൊലീസ് ആൽബിനെ ചുറ്റിപ്പറ്റി അന്വേഷണം ഊർജിതമാക്കിയത്. അതിനിടെ പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പിതാവ് ഓലിക്കൽ ബെന്നി (48) അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ബെന്നിയിൽ നിന്നും അന്വേഷണ സംഘത്തലവൻ ഇൻസ്‌പെക്ടർ പ്രേംസദൻ മൊഴി എടുത്തിരുന്നു.


എല്ലാം ഒറ്റയ്ക്ക്
സഹോദരിയെ ഐസ്ക്രീമിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ ആൽബിൻ മാത്രമാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ആൽബിൻ കുറ്റം സമ്മതിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആൻമേരിയെ എങ്ങനെ കൊലപ്പെടുത്താമെന്ന് ഇന്റർനെറ്റിൽ പരതിയാണ് വഴി കണ്ടെത്തിയത്. എലിവിഷം ഭക്ഷണത്തിൽ കലർത്തി നൽകിയാൽ രുചിവ്യത്യാസം തിരിച്ചറിയില്ലെന്ന് മനസിലാക്കിയാണ് ആ വഴി തിരഞ്ഞെടുത്തത്. ഇറച്ചിയിൽ കലർത്തി നൽകിയെങ്കിലും പരാജയപ്പെട്ടു. പഴകാത്ത വിഷം വേണമെന്ന് തിരിച്ചറിഞ്ഞതും ഇന്റർനെറ്റിൽ നിന്നാണ്. അങ്ങനെയാണ് പുതിയതു വാങ്ങി പിറ്റേന്നു തന്നെ ഐസ്ക്രീം തയ്യാറാക്കി നൽകിയത്.

സഹോദരി മരിച്ചപ്പോൾ ദു:ഖം അഭിനയിച്ചു

താൻ എലിവിഷം കലർത്തി കൊന്ന അനുജത്തി ആൻമേരിയുടെ മൃതദേഹം ബളാൽ സെന്റ് ആന്റണീസ് ചർച്ചിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ ദുഃഖം അഭിനയിച്ചു കൊണ്ട് ആൽബിൻ തലയ്ക്കൽ തന്നെ നില്പുണ്ടായിരുന്നു. അമ്മ ബെസിയും സെമിനാരിയിൽ പഠിക്കുന്ന അനുജൻ ബിബിൻ ബെന്നിയും കണ്ണീരുമായി ആൻമേരിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയപ്പോൾ കള്ളക്കണ്ണീരുമായി സമീപം ആൽബിനുമുണ്ടായിരുന്നു.

albin-

കാമുകിയുമായി നാടുവിടാൻ തീരുമാനിച്ചു

നേരത്തെ തന്നെ ക്രിമിനൽ സ്വാഭാവം പ്രകടിപ്പിക്കുകയും മോഷണമൊക്കെ നടത്തുകയും ചെയ്ത ആൽബിൻ തമിഴ്‌നാട്ടിൽ പോയതിന് ശേഷമാണ് ക്രൂരൻ ആയതെന്ന് നാട്ടുകാർ പറയുന്നു. ജിംനേഷ്യത്തിൽ ചേർന്ന് ആരോഗ്യം മെച്ചപ്പെടുത്തിയ ആൽബിൻ ജന്മം നൽകിയ മാതാപിതാക്കളെയും വീട്ടുകാരെയും കൊന്ന് കാമുകിയുമായി നാടുവിട്ടു താമസിക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തത്. സെമിനാരിയിൽ പഠിക്കാൻ പോയതിനാൽ അനുജൻ ബിബിൻ, ആൽബിന് ഒരു തടസം അല്ലായിരുന്നു.

പോസ്റ്റുമോർട്ടം വഴിത്തിരിവായി

വയറുവേദന അനുഭവപ്പെട്ടപ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നുവെങ്കിൽ ആൻമേരി മരിക്കില്ലായിരുന്നുവെന്ന് പറയപ്പെടുന്നു. ഹോമിയോപ്പതി, അലോപ്പതി ചികിത്സ നൽകുകയും മഞ്ഞപ്പിത്തം ആണെന്ന് പറഞ്ഞു കണ്ണൂർ ചെറുപുഴയിലെ വൈദ്യരെ കാണിക്കാൻ കൊണ്ടുപോകുകയും ചെയ്തു. ഈ മാസം അഞ്ചിന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് വിദ്യാർത്ഥിനി മരിക്കുന്നത്. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് എലിവിഷം ആണ് മരണ കാരണം എന്ന് വ്യക്തമായത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, കാഞ്ഞങ്ങാട് ഡിവൈ. എസ്. പി എം. പി വിനോദ് എന്നിവർ വെള്ളരിക്കുണ്ടിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. എസ് ഐമാരായ ശ്രീദാസ് പുത്തൂർ, ജയപ്രകാശ്, എ എസ് ഐ വിനോദ്, സിവിൽ പൊലീസ് ഓഫീസർമാരായ സുഗുണൻ, പ്രതീഷ് ഗോപാൽ, ധനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.