വെള്ളരിക്കുണ്ട്(കാസർകോട്) : സ്വത്ത് മുഴുവൻ സ്വന്തമാക്കി വിറ്റശേഷം കാമുകിയെ വിവാഹം ചെയ്ത് മറ്റൊരു നാട്ടിൽ കഴിയാനാണ് ഐസ്ക്രീമിൽ വിഷം ചേർത്ത് അച്ഛനെയും അമ്മയെയും സഹോദരിയെയും വകവരുത്താൻ പദ്ധതി തയ്യാറാക്കിയതെന്ന് ആൽബിൻ പൊലീസിനോട് സമ്മതിച്ചു.
മികച്ച സാമ്പത്തിക ശേഷിയുള്ള കോഴിക്കോട്ടുകാരി കാമുകിയെ സ്വന്തമാക്കണമെങ്കിൽ തനിക്കും നല്ല സാമ്പത്തിക ശേഷി വേണമെന്ന് ചിന്തിച്ച ആൽബിൻ, അനുജത്തിയെയും മാതാപിതാക്കളെയും കൊന്ന ശേഷം കൂട്ട ആത്മഹത്യയെന്നു വരുത്തിത്തീർക്കാമെന്നാണ് കരുതിയത്.
കൊടുംക്രൂര കൃത്യത്തിൽ കാമുകിക്ക് പങ്കില്ലെന്നാണ് ഇയാളുടെ മൊഴിയെങ്കിലും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കാമുകിയുടെ പ്രേരണയുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. വിഷം കലർത്തി നൽകിയ ഐസ്ക്രീം കഴിച്ച് അനുജത്തി ആൻമേരി ഈ മാസം 5നാണ് മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള അച്ഛൻ ബെന്നി അപകടനില തരണം ചെയ്തെന്ന് പൊലീസ് പറഞ്ഞു. വളരെക്കുറച്ചു മാത്രം ഐസ്ക്രീം കഴിച്ച ആൽബിന്റെ അമ്മയെ നേരത്തേ ഡിസ്ചാർജ് ചെയ്തിരുന്നു.
ഈ പെൺകുട്ടിയുമായി അടുക്കും മുമ്പ് ആൽബിന് നാട്ടിൽ മറ്റൊരു കാമുകിയുണ്ടായിരുന്നു. ആൽബിന്റെ മയക്കു മരുന്ന് ഉപയോഗവും മറ്റും കാരണം പെൺകുട്ടിയുടെ വീട്ടുകാർ വിലക്കിയതോടെ ബന്ധം മുറിഞ്ഞു.
പിതാവ് വാങ്ങിക്കൊടുത്ത വിലയേറിയ മൊബൈൽ ഉപയോഗിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ആൽബിൻ പൊലീസിനോട് പറഞ്ഞു. എത്ര ഡോസ് വിഷം നൽകിയാലാണ് ആളുകൾ മരിക്കുകയെന്ന് ഫോണിൽ സെർച്ച് ചെയ്ത് മനസിലാക്കി. വിഷം കലർന്ന ഐസ്‌ക്രീം ബാക്കി വന്നപ്പോൾ വളർത്തുനായയ്ക്ക് നൽകാൻ അമ്മ ആവശ്യപ്പെട്ടപ്പോൾ തയ്യാറാകാതെ ആരും കാണാതെ നശിപ്പിച്ചു.
വീട്ടിൽ എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആൽബിനും അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടി. എന്നാൽ ആൽബിന്റെ ശരീരത്തിൽ വിഷം കണ്ടെത്താത്തത് സംശയത്തിന് ഇടനൽകി. പാവത്താനായി അഭിനയിച്ചു കഴിഞ്ഞിരുന്ന ആൽബിനെ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ. പ്രേംസദൻ, എസ്.ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രത്യേകം നിരീക്ഷണത്തിലാക്കിയ ശേഷം കുടുക്കുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ് എന്നിവർ ഇന്നലെ വെള്ളരിക്കുണ്ടിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ആൽബിനെ വീഡിയോ കോൺഫറൻസ് വഴി കാസർകോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെ വൈകിട്ട് ഹാജരാക്കി 28 വരെ റിമാൻഡ് ചെയ്തു.
കൂട്ട ആത്മഹത്യയായി
ചിത്രീകരിക്കാൻ പ്ലാൻ
അച്ഛനെയും അമ്മയെയും അനുജത്തിയെയും വിഷം നൽകി കൊന്ന ശേഷം കൂട്ട ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ആൽബിന്റെ പ്ലാൻ. കുടുംബാംഗങ്ങൾ മുഴുവൻ ആത്മഹത്യ ചെയ്ത വീട്ടിൽ തനിച്ചു നിൽക്കാനാവില്ലെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച് നാലേക്കർ റബർ തോട്ടവും വീടും വിറ്റ് കാമുകിക്കൊപ്പം മറ്റേതെങ്കിലും നാട്ടിൽ പോയി താമസിക്കാമെന്നായിരുന്നു ചിന്ത.