corona

കാസർകോട് : കാസർകോട് പൊലീസ് ചീഫിന്റെ കാര്യാലയത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ചീഫ് ഡി. ശിൽപ അടക്കം അഞ്ചു പേർ ക്വാറന്റൈനിൽ പോയി. പൊലീസ് ചീഫും അവരുടെ ഡ്രൈവറും ഗൺമാനുമാണ് ഇന്നലെ ക്വാറന്റൈനിൽ പോയത്.

കൊവിഡ് സ്ഥിരീകരിച്ച ജീവനക്കാരനും എസ്.പിയുടെ പി.എയും നേരത്തെ ക്വാറന്റൈനിൽ പോയിരുന്നു. എ.ആർ. ക്യാമ്പിലെ ക്വാർട്ടേഴ്സിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇതിൽ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പാണ് ടെസ്റ്റിന് നൽകിയിരുന്നത്. എവിടെ നിന്നാണ് ജീവനക്കാരന് കൊവിഡ് പിടിപെട്ടതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. ഇതേ തുടർന്ന് കാസർകോട് പൊലീസ് ചീഫ് ഓഫീസിലെ മറ്റു ജീവനക്കാരും ഉന്നത ഓഫീസർമാരും ആശങ്കയിലാണ്. രോഗം ബാധിച്ച ജീവനക്കാരന്റെ തൊട്ടപ്പുറത്താണ് അഡീഷണൽ എസ്.പിയുടെ ചേംബറും പ്രവർത്തിക്കുന്നത്.