കണ്ണൂർ: l' തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിൽ തിളങ്ങിയ കണ്ണൂർ വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പി വി.മധുസൂദനന് സ്തുത്യർഹ സേവനത്തിനുള്ള വിശിഷ്ട സേവാമെഡൽ. മേയ് 31ന് വിരമിച്ച ഇദ്ദേഹത്തെ തേടി അംഗീകാരമെത്തുകയായിരുന്നു. സേനയിൽ തിളങ്ങിയ മധുസൂദനൻ സിനിമയുടെ തിരക്കിലാണിപ്പോൾ.
1995 ൽ പൊലീസിൽ പ്രവേശിച്ച മധുസൂദനൻ പത്തനംതിട്ട, കാസർകോട്, കോഴിക്കോട്, വയനാട്, ഹൊസ്ദുർഗ്, കൂത്തുപറമ്പ്, മട്ടന്നൂർ, വൈത്തിരി എന്നിവിടങ്ങളിൽ സി.ഐയായിരുന്നു. തുടർന്ന് പ്രമോഷനായ ശേഷം 2011 ൽ കാസർകോട് ഡി.സി.ആർ.ബിയിൽ ഡിവൈ.. എസ്.പിയായി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ക്രൈം ഡിറ്റാച്ച്മെന്റ് എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായി. മൂന്നു വർഷം കണ്ണൂർ വിജിലൻസ് യൂണിറ്റിൽ ഡിവൈ.എസ്.പിയായി പ്രവർത്തിച്ചു. എം.കെ.. രാഘവൻ എം.പി, കെ.എം. ഷാജി എം.എൽ.എ എന്നിവർക്കെതിരായ വിജിലൻസ് കേസുകൾ അന്വേഷിച്ചത് മധുസൂദനനായിരുന്നു. തളിപ്പറമ്പ് സബ് റജിസ്ട്രാർ, കണ്ണൂർ അഡീഷണൽ തഹസിൽദാർ എന്നിവരെ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ഡിവൈ.എസ്.പി വേഷമിട്ട് അഭിനയനത്തിന്റെ ആദ്യക്ഷരം കുറിച്ച മധുസൂദനൻ ആൻറോയ്ഡ് കുഞ്ഞപ്പൻ, കക്ഷി അമ്മിണിപ്പിള്ള എന്നീ സിനിമയിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.
രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, തുറമുഖം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമാണ് മധുസൂദനന്റേത്. കൊവിഡ് കാലമായതോടെ ഇവയുടെ റിലീസ് മുടങ്ങിയിരിക്കുകയായിരുന്നു. സർവ്വീസിൽനിന്ന് വിരമിച്ച ശേഷം കാഞ്ഞങ്ങാട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ മധുസൂദനനൻ.
കാസർകോട് ഈയക്കാട് സ്വദേശിയാണ്. ആലംതട്ട യു.പി. സ്കൂൾ അദ്ധ്യാപിക കെ. ഷീബയാണ് ഭാര്യ. വിദ്യാർഥികളായ ആതിര, അരവിന്ദ് എന്നിവർ മക്കളാണ്.