പഴയങ്ങാടി: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ മോഷണം. അകത്തളം ഹോട്ടലിലാണ് കഴിഞ്ഞദിവസം രാത്രിയോടെ മോഷണം നടന്നത്. കൗണ്ടറിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശവലിപ്പിലെ രണ്ടായിരം രൂപ നഷ്ടപ്പെട്ടു.
കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പാർസൽ വിതരണം മാത്രമാണ് ഇവിടെയുള്ളത്. രാത്രി ഏഴരയോടെയാണ് മോഷണം നടന്നതെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തി. വൈകിട്ട് ഭക്ഷണ വിതരണം നിർത്തിവച്ച് ജീവനക്കാർ പുറത്ത് പോയിരുന്നു. രാത്രി ഒമ്പത് മണിക്ക് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോൾ പിറക് വശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് ഹോട്ടലിൽ പ്രവേശിച്ചത്. ഹോട്ടൽ ഉടമ ജാബിർ പഴയങ്ങാടി പൊലീസിൽ പരാതി നൽകി.