കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർക്ക് ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവ്. വ്യാഴാഴ്ചയാണ് കൗൺസിലർക്ക് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി പി.സി.ആർ ടെസ്റ്റ് നടത്തും. പി.സി.ആർ ഫലം വരുന്നതു വരെ കൗൺസിലറുടെ വാർഡിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകി.
ഇതേതുടർന്ന് അറയ്ക്കൽ വാർഡ് ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ് അടച്ചു. ഈ മാസം പത്തിന് ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഓഫീസിൽ നടന്ന കൊവിഡ് അവലോകന യോഗത്തിൽ കൗൺസിലർ പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടാൻ നിർദേശം നൽകിയത്. അവലോകന യോഗത്തിൽ കണ്ണൂർ സിറ്റി സി.ഐ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഇവരോടെല്ലാം ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
27ന് കൗൺസിൽ യോഗത്തിലും കൗൺസിലർ പങ്കെടുത്തിരുന്നു. പക്ഷേ ഇതിനു ശേഷം നടത്തിയ കൊവിഡ് ആന്റിജൻ പരിശോധനയിൽ കൗൺസിലറുടെ ഫലം നെഗറ്റീവായിരുന്നു. അതിനുശേഷം പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്നായിരുന്നു കൗൺസിലർ വീണ്ടും ആന്റിജൻ പരിശോധന നടത്തിയത്. 27ന് ശേഷം കൗൺസിലർ കോർപ്പറേഷൻ ഓഫീസിൽ വന്നിട്ടില്ലെന്നാണ് പറയുന്നത്. എങ്കിലും കോർപ്പറേഷനിലെ എല്ലാ കൗൺസിലർമാരും കൊവിഡ് പരിശോധന നടത്തണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.