നീലേശ്വരം: കൊവിഡ് 19 സമ്പർക്ക വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചില്ലറ വിൽപ്പന നടത്തുന്ന സ്ത്രീ മത്സ്യത്തൊഴിലാളികൾക്ക് തൈക്കടപ്പുറം ഹാർബറിനകത്ത് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് സംഘടിച്ചെത്തിയ 100 കണിക്കിന് സ്ത്രീകൾ തൈക്കടപ്പുറത്ത് പ്രതിഷേധിച്ചു.
രണ്ടു മണിക്കൂറോളും തൈക്കടപ്പുറം അഴിത്തല റോഡിൽ ഗതാഗതം പൂർണമായും നിലച്ചു. മത്സ്യ മൊത്തകച്ചവടക്കാരുടെ മുഴുവൻ വാഹനങ്ങളും തടഞ്ഞതോടെ മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
വെള്ളിയാഴ്ച രാവിലെ 9 മുതൽ തൈക്കടപ്പുറം ഹാർബർ പരിസരം സംഘർഷാന്തരീക്ഷമായിരുന്നു. നീലേശ്വരം പൊലീസും അഴിത്തല കോസ്റ്റൽ പൊലീസും എത്തിയതിനു ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഹാർബറിൽ എത്തി മത്സ്യം വാങ്ങാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ തൊഴിലാളികൾ സംഘടിച്ചെത്തിയത്. കടലിൽ നിന്ന് മത്സ്യംപിടിച്ച് ഹാർബറിൽ എത്തുന്ന വള്ളങ്ങളിൽ നിന്ന് മത്സ്യ മൊത്തകച്ചവടക്കാർ നേരിട്ടു വാങ്ങി പിന്നീട് അമിത വിലയ്ക്ക് ചില്ലറ വിൽപ്പന നടത്തുന്ന സ്ത്രീ തൊഴിലാളികൾക്ക് നൽകുന്നുവെന്നാണ് ഇവരുടെ പരാതി. ഇടനിലക്കാരുടെ ചൂഷണം മൂലം മത്സ്യ വിൽപ്പനയിൽ ലാഭം കിട്ടുന്നില്ലെന്നും സ്ത്രീ തൊഴിലാളികൾ പറയുന്നു.
തൈക്കടപ്പുറം, പുഞ്ചാവി, മീനാപ്പീസ്, അജാനൂർ ഭാഗങ്ങളിലെ സ്ത്രീകളാണ് തൈക്കടപ്പുറത്ത് സംഘടിച്ചെത്തിയത്. ചില്ലറ വിൽപ്പന സ്ത്രീ തൊഴിലാളികൾക്ക് ഹാർബറിനകത്ത് വരും ദിവസങ്ങളിൽ പ്രവേശനം നിഷേധിച്ചാൽ ഹാർബറിലെ മത്സ്യ കച്ചവടം തടയുമെന്ന് തൊഴിലാളികൾ പറഞ്ഞു. പ്രതിഷേധത്തിന് പ്രമോദിനി, ഗീത, കാർത്ത്യായനി, പ്രേമ ,ദേവകി എന്നിവർ നേതൃത്വം നല്കി.
തീരുമാനം മാനേജിംഗ് കമ്മിറ്റിയുടേത്
തൈക്കടപ്പുറം ഹാർബറിനകത്തേക്കുള്ള പ്രവേശനം കർശന നിയന്ത്രണങ്ങളോടെ നടപ്പിലാക്കാൻ ഫിഷ് ലാൻഡിംഗ് സെന്റർ മാനേജിംഗ് കമ്മിറ്റിയാണ് തീരുമാനിച്ചത്. മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗരേഖ പ്രകാരം ഹാർബറിനകത്തുള്ള പ്രവേശനം മത്സ്യ ബന്ധനം നടത്തുന്നതൊഴിലാളികൾ, മത്സ്യ മൊത്ത കച്ചവടക്കാർ, ഹാർബർ തൊഴിലാളികൾ എന്നിവരിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ചില്ലറ വിൽപ്പന പൂർണമായും നിരോധിച്ചു. ചെറുകിട വിതരണകാരെയും തലച്ചുമടായി വിൽക്കുന്നവരെയും മറ്റുള്ളവരെയും ഹാർബറിനകത്ത് പ്രവേശിപ്പിക്കില്ലെന്നും കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇവർക്ക് അർഹമായ മത്സ്യം പുഞ്ചാവി, മീനാപ്പീസ്, അജാനൂർ, തൈക്കടപ്പുറം, സീറോഡ് കടപ്പുറം, നീലേശ്വരം ഹൈവേ മാർക്കറ്റ് എന്നിവടങ്ങളിൽ ഹാർബർ മാനേജിംഗ് കമ്മിറ്റി എത്തിച്ചു നൽകുമെന്നും തീരുമാനിച്ചിരുന്നു.