ചെറുവത്തൂർ: മടക്കര തുറമുഖത്തിനകത്ത് പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികൾ ഗേറ്റ് ഉപരോധിച്ചു. ഇന്നലെ രാവിലെ 8 മുതൽ 12 മണി വരെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. സംഘർഷാന്തരീക്ഷം രൂപപ്പെട്ടതോടെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സതീശൻ, ചന്തേര സി.ഐ നിഷാം അടക്കമുള്ള ഉദ്യോഗസ്ഥർ തൊഴിലാളികളുമായി ചർച്ച നടത്തി.

ട്രോളിംഗ്‌ ആരംഭിച്ച ആദ്യ ദിവസം മീൻ വിതരണം ചെയ്യുന്നതിൽ ഉണ്ടായ പാളിച്ച മൂലം തങ്ങളുടെ തൊഴിൽ നഷ്ടമായെന്നായിരുന്നു തൊഴിലാളികളുടെ ആരോപണം. സമാധാന അന്തരീക്ഷം ഉണ്ടായില്ലെങ്കിൽ തുറമുഖം അടച്ചിടാൻ നിർബ്ബന്ധിതരാകുമെന്നും അധികൃതർ ഉറച്ച നിലപാടെടുത്തതോടെയാണ് തൊഴിലാളികൾ അയഞ്ഞത്. ഇന്നുമുതൽ മീൻവിതരണം കൃത്യമായി നടക്കുമെന്നും അധികൃതർ ഉറപ്പ് നൽകി. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സതീശൻ, നോഡൽ ഓഫിസർ സി.പി.ഭാസ്കരൻ ,കോസ്റ്റൽ സി.ഐ വിക്രമൻ, മത്സ്യഫെഡ് ജനറൽ മാനേജർ ഷെറീഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.