കണ്ണൂർ: പട്ടികവർഗ്ഗ സങ്കേതങ്ങളിൽ അധിവസിക്കുന്ന പട്ടികവർഗ്ഗക്കാരുടെ സാമൂഹ്യസാമ്പത്തിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ജില്ലയിലെ 17 കോളനികൾ കൂടി ഗുണഭോക്താക്കളാകും. 16.53 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 12 സങ്കേതങ്ങളുടെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ബാലൻ നിർവഹിച്ചിരുന്നു.
പേരാവൂർ മണ്ഡലത്തിലെ മൂന്നാംകുറ്റി, അണങ്ങോട് ലക്ഷം വീട്, വടക്കിനിയില്ലം, മേലെമന്ദംചേരി, അമ്പലക്കുഴി, ഇരിക്കൂർ മണ്ഡലത്തിലെ ചെമ്പുവെച്ചമൊട്ട, പെരുവട്ടം, തോപ്പിലായി, മാവുംതട്ട്, കരയത്തുംചാൽ, പയ്യന്നൂർ മണ്ഡലത്തിലെ പട്ടത്തുവയൽ, എയ്യൻകല്ല്, മട്ടന്നൂർ മണ്ഡലത്തിലെ കരോത്ത് കോളനി, അരിങ്ങോട്ടുംകണ്ടി, ഇല്ലം കോളനി, ചടച്ചിക്കുണ്ടം, കൂത്തുപറമ്പ് മണ്ഡലത്തിലെ അമ്മാറമ്പ് എന്നീ സങ്കേതങ്ങളാണ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നത്.
വടക്കിനിയില്ലം, മേലെമന്ദംചേരി, കരോത്ത് കോളനി, അരിങ്ങോട്ടുംകണ്ടി, ചടച്ചിക്കുണ്ടം, അമ്പലക്കുഴി, മൂന്നാംകുറ്റി, ചെമ്പുവെച്ചമൊട്ട, പെരുവട്ടം, പട്ടത്തുവയൽ, എയ്യൻകല്ല് സങ്കേതങ്ങളിൽ ഒരു കോടി രൂപയും കരയത്തുംചാൽ, മാവുംതട്ട് എന്നിവിടങ്ങളിൽ 96 ലക്ഷം രൂപയുമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതിന് പുറമെ അമ്മാറമ്പ് 93 ലക്ഷം, തോപ്പിലായി 91 ലക്ഷം, അണങ്ങോട് ലക്ഷം വീട് 90 ലക്ഷം, ഇല്ലം കോളനി 87 ലക്ഷം രൂപയടേയും പദ്ധതികളാണ് നടപ്പാക്കുക.
ഗുണഭോക്താക്കൾ 2000
600 കുടുംബങ്ങളിലായി രണ്ടായിരത്തോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഭവന നിർമ്മാണം, സംരക്ഷണഭിത്തി, റോഡ്, ശൗചാലയം, കുടിവെള്ള പദ്ധതി, സ്ട്രീറ്റ് ലൈറ്റ്, പഠനമുറി, സാംസ്‌ക്കാരിക നിലയം, നടപ്പാത തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പദ്ധതി മഖേന തിരഞ്ഞെടുത്ത കോളനികളിൽ നടപ്പാക്കും.നിലവിലുള്ള സൗകര്യങ്ങളുടെ നവീകരണങ്ങൾക്കും ഫണ്ട് ഉപയോഗിക്കും. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 3.30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.