പഴയങ്ങാടി: എരിപുരം ആക്സിസ് ബാങ്കിൽ കള്ളനോട്ട് നിക്ഷേപിച്ച കേസിൽ അന്വേഷണം മടിക്കേരിയിലെ കുശാൽ നഗറിലേക്ക് നീളുന്നു. സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞ ആളെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനാലാണ് അന്വേഷണം പണം അയച്ച അക്കൗണ്ട് ഉള്ള സംസ്ഥാനത്തിലേക്കും വ്യാപിപ്പിക്കുന്നത്. മേലധികാരികളുടെ അനുമതി ലഭിച്ചാലുടൻ കുശാൽ നഗറിലേക്ക് പോവുമെന്നും പഴയങ്ങാടി സി.ഐ എം. രാജേഷ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് 43 അഞ്ഞൂറിന്റെ 21500 രൂപയുടെ കള്ളനോട്ട് കണ്ടെടുത്തത്. കർണാടക കുശാൽ നഗറിലെ മിസ്റിയ എന്ന സ്ത്രീയുടെ പേരിലാണ് പണം ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നത്. ഡെപ്പോസിറ്റ് ചെയ്ത ആളുടെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ജൂലായ് 25 നാണ് കാഷ് ഡിപ്പോസിറ്റ് ചെയ്തിരിക്കുന്നത് .